ഓവൽ: ഇംഗ്ലണ്ടിലെ പേസ് പിച്ചിൽ ഓസീസിനെ ചുരുട്ടിക്കൂട്ടിയുള്ള ഇന്ത്യൻ ബൗളിംങ് പ്രതീക്ഷകളാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇനി ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്. മുന്നൂറിന് മുകളിലുള്ള ഏതു ടോട്ടലും അപ്രാപ്യമായ ടെസ്റ്റിൽ ഇനി ഹൃദയംകൊണ്ട് പന്തെറിഞ്ഞ് അതിവേഗം ഓസീസിനെ പുറത്താക്കുക മാത്രമാണ് രണ്ടാം ഇന്നിംങ്‌സിൽ ഇനി ഇന്ത്യയ്ക്ക് പ്രതീക്ഷ ബാക്കി വയ്ക്കുന്ന ഘടകം. മൂന്നാം ദിവസം അവസാനിക്കുമ്പോൾ, 296 റണ്ണിന്റെ ഉജ്വലമായ ഒന്നാം ഇന്നിംങ്‌സ് ലീഡെടുത്ത ഓസീസ് നിലവിൽ ഡ്രൈവിംങ് സീറ്റിൽ തന്നെയാണ്.
ഇന്ത്യയെ 296 എന്ന ഒന്നാം ഇന്നിംങ്‌സ് സ്‌കോറിൽ പുറത്താക്കിയപ്പോൾ തന്നെ ഓസീസ് മികച്ച ലീഡ് സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം ബാറ്റിംങ് ആരംഭിച്ച ഓസീസിന് ആദ്യം തന്നെ ഓപ്പണർമാരെ നഷ്ടമായി. രണ്ട് റൺ മാത്രം സ്‌കോർ ബോർഡിലുള്ളപ്പോൾ, ഒരു റണ്ണുമായി വാർണ്ണറെ മുഹമ്മദ് സിറാജ് കെ.എസ് ഭരത്തിന്റെ കയ്യിൽ എത്തിച്ചു. ഈ താളം തെറ്റൽ പാളം തെറ്റിച്ച ഖവാജയെ യാദവ് ഭരത്തിന്റെ കയ്യിൽ തന്നെ എത്തിക്കുമ്പോൾ ടീം സ്‌കോർ 24 ഉം, ഖവാജയുടെ വ്യക്തിഗത സ്‌കോർ 13 ഉം മാത്രമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട്, കഴിഞ്ഞ ഇന്നിംങ്‌സിലേതിനു സമാനമായ രീതിയിൽ ട്രാക്കിലോടിത്തുടങ്ങിയ സ്മിത്തിനെ 86 ൽ വച്ച് ജഡേജ താക്കൂറിന്റെ കയ്യിലെത്തിച്ചു. ക്രീസ് വിട്ടിറങ്ങി ജഡേജയെ ഉയർത്തിയടിയ്ക്കാൻ ശ്രമിച്ച സ്മിത്ത് 34 റൺ മാത്രമാണ് ഈ സമയം എടുത്തിരുന്നത്. കഴിഞ്ഞ തവണ സ്മിത്തും, ഹെഡുമാണെങ്കിൽ ഇത്തവണ ലബുഷൈനും ഹെഡും നിലയുറപ്പിക്കുമെന്ന് തോന്നിയ സ്ഥലത്ത് വീണ്ടും ജഡേജ വന്നു. ഹെഡിനെ പുറത്താക്കിയ ജഡേജ വീണ്ടും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. 11 ൽ ഹെഡ് പുറത്താകുമ്പോൾ 18 റൺ മാത്രമായിരുന്നു കഴിഞ്ഞ ഇന്നിംങ്‌സിലെ സെഞ്ച്വറിക്കാരന്റെ സമ്പാദ്യം. മൂന്നാം ദിനം ഇന്നിംങ്‌സ് അവസാനിക്കുമ്പോൾ ലബുഷൈനും (41), കാമറൂൺ ഗ്രീനുമാണ് (7) ക്രീസിൽ. പിച്ചിൽ ഇന്ത്യൻ പേസർമാർ താളം കണ്ടെത്തി എന്നതാണ് ആശ്വാസം.
രണ്ടാം ദിനം ഇന്ത്യ 151 ന് അഞ്ച് എന്ന നിലയിലാണ് ബാറ്റിംങ് അവസാനിപ്പിച്ചത്. 29 റണ്ണുമായി രഹാനെയും, അഞ്ചു റണ്ണുമായി ശ്രീകാർ ഭരതുമായിരുന്നു ക്രീസിൽ. എന്നാൽ, ഒരു റൺ മാത്രം സ്‌കോർ ബോർഡിൽ ചേർത്തപ്പോഴേയ്ക്കും ഇന്നലത്തെ റണ്ണുമായി ശ്രീകാർ പുറത്ത്. പിന്നീട് എല്ലാം ഒരു ചടങ്ങുമാത്രമാകും എന്നു ഓസീസ് ആരാധകർ പ്രതീക്ഷിച്ചിരിക്കെയാണ് ക്രീസിൽ താക്കൂർ രഹാനെയ്ക്ക് കൂട്ടായി എത്തിയത്. രണ്ടു പേരും ചേർന്ന് മെല്ലെ ടീമിനെ മുന്നോട്ടു നയിച്ചു. 23 ഓവറോളം രണ്ടു പേരും ക്രീസിൽ നിന്ന് നൂറിലേറെ റൺ കൂട്ടിച്ചേർത്താണ് മടങ്ങിയത്.
261 ൽ രഹാനെ മടങ്ങുമ്പോൾ 129 പന്തിൽ നിന്നും 89 റണ്ണെടുത്താണ് മടങ്ങിയത്. കമ്മിൻസിന്റെ പന്തിൽ ഗ്രീൻ പിടിച്ചാണ് രഹാനെ മടങ്ങിയത്. പിന്നീട്, പത്തുറൺസ് കൂടി ചേർത്തപ്പോഴേയ്ക്കും ഉമേഷ് യാദവ് (5) കമ്മിൻസിന്റെ പന്തിൽ ബൗൾഡായി മടങ്ങിയതോടെ ഇന്ത്യ ഫോളോ ഓൺ വഴങ്ങുമെന്ന് ആരാധകർ ഭയന്നു. എന്നാൽ, താക്കൂർ ഒറ്റയ്ക്ക് നിന്ന് ഇന്ത്യയെ ഫോളോ ഓണിൽ നിന്നും രക്ഷിക്കുകയായിരുന്നു. 294 ൽ ഷാർദൂർ താക്കൂറും മടങ്ങി. 109 പന്തിൽ നിന്നും 51 റണ്ണായിരുന്നു താക്കൂറിന്റെ സമ്പാദ്യം. രണ്ട് റൺ കൂടി സ്‌കോർ ബോർഡിൽ ചേർത്തപ്പോഴേയ്ക്കും ഷമി കൂടി വീണതോടെ ഇന്ത്യൻ ബാറ്റിംങ് പൂർണമായി. 13 റണ്ണാണ് ഷമി എടുത്തത്. സിറാണ് റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.