അഡ്ലെയ്ഡ് : ഡിസംബര്‍ 6 മുതല്‍ അഡ്ലെയ്ഡ് ഓവലില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ അണ്‍ക്യാപ്ഡ് ഓള്‍റൗണ്ടര്‍ ബ്യൂ വെബ്സ്റ്ററെ ഓസ്ട്രേലിയ ഉള്‍പ്പെടുത്തി.പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയുടെ 295 റണ്‍സിന്റെ തോല്‍വിയും മിച്ചല്‍ മാര്‍ഷിന്റെ പരിക്ക് ആശങ്കകളുമാണ് ഓസീസിന്റെ ഈ നീക്കത്തിന് പിന്നില്‍.ഓസ്ട്രേലിയയുടെ ആദ്യ ഓള്‍റൗണ്ടര്‍ ഓപ്ഷന്‍ മാര്‍ഷ് ആയിരുന്നില്ലെങ്കിലും കാമറൂണ്‍ ഗ്രീനിന്റെ പരുക്ക് താരത്തിന് ഇലവനില്‍ ഇടം നേടി കൊടുത്തു. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ അദ്ദേഹം 17 ഓവര്‍ ബൗള്‍ ചെയ്തു. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് താരം ഇത്രയും അധികം പന്തെറിഞ്ഞത്. അത് അദ്ദേഹത്തിന്റെ ശരീരത്തെ ബാധിച്ചു. മാര്‍ഷിന് രണ്ടാം ടെസ്റ്റ് ഒരു പ്യുവര്‍-ബാറ്ററായി കളിക്കാമെങ്കിലും അത് മൂന്ന് വേഗക്കാരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കും.
രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനും ഇടയില്‍ നാല് ദിവസത്തെ ഇടവേള മാത്രമേയുള്ളൂ. ഓസ്ട്രേലിയ തങ്ങളുടെ പേസര്‍മാരെ പരമ്ബരയില്‍ പാതിവഴിയില്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇത് വെബ്സ്റ്ററിന്റെ അരങ്ങേറ്റത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.കഴിഞ്ഞ രണ്ട് സീസണുകളായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വെബ്സ്റ്റര്‍ വളരെ ശ്രദ്ധേയനാണ്. കഴിഞ്ഞ സീസണില്‍, ഷെഫീല്‍ഡ് ഷീല്‍ഡ് ചരിത്രത്തില്‍ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സിന് ശേഷം 900-ലധികം റണ്‍സും 30 വിക്കറ്റും നേടുന്ന രണ്ടാമത്തെ കളിക്കാരനായി താരം മാറി. ഈ സീസണിലും അദ്ദേഹം 448 റണ്‍സും 16 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യ എയെ നേരിട്ട ഓസ്ട്രേലിയ എ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം 61*, 48* എന്നീ നിര്‍ണായക പ്രകടനങ്ങളും കളിച്ചു.