കൊച്ചി: രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. രാവിലെ 9.30 മുതൽ കൊച്ചി കപ്പൽശാലയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനയ്ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറും. ഇന്ത്യൻ നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും.
20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിന്റെ കമ്മീഷനിംഗ് വലിയ ആഘോഷമായാണ് നാട് കൊണ്ടാടുന്നത്. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണം പൂർത്തിയാക്കിയത്. രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐ.എൻ.എസ് വിക്രാന്ത്. രണ്ട് ഫുട്ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്റെ ഫ്ളൈറ്റ് ഡെക്കിന്. കൊച്ചി കപ്പൽ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പൽ നിർമിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലലാണ് ഐ.എൻ.എസ് വിക്രാന്ത്. ബ്രിട്ടണിൽ നിന്ന് വാങ്ങിയ ഈ കപ്പൽ ഡീ കമ്മീഷൻ ചെയ്തിരുന്നു. പഴയ വിക്രാന്തിന്റെ സ്മരണയിലാണ് പുതുതായി നിർമിച്ച കപ്പലിനും അതേ പേര് നൽകിയത്. കപ്പൽ നിർമാണത്തിനായി ഉപയോഗിച്ചതിൽ 76 ശതമാനവും ഇന്ത്യൻ നിർമിത വസ്തുക്കളാണ്. കപ്പലിന്റെ ആകെ നീളം 262 മീറ്ററും ഉയരം 59 മീറ്ററും ആണ്. 30 എയർ ക്രാഫ്റ്റുകൾ ഒരു സമയം കപ്പലിൽ നിർത്തിയിടാം എന്ന സവിശേഷതയും ഐ.എൻ.എസ് വിക്രാന്തിനുണ്ട്.
2007ൽ തുടങ്ങിയതാണ് ഈ പടക്കപ്പലിൻറെ നിർമാണം. 15 വർഷം കൊണ്ട് കപ്പൽ നിർമിക്കാൻ ചെലവായത് 20,000 കോടി രൂപയാണ്. 2021 ഓഗസ്റ്റ് മുതൽ ഇതുവരെ അഞ്ച് ഘട്ടങ്ങളിലായി നടത്തിയ വിവിധ പരീക്ഷണങ്ങൾ വിക്രാന്ത് വിജയകരമായി മറികടന്നു. കഴിഞ്ഞ മാസം 28ന് കൊച്ചിൻ നാവിക സേനയ്ക്ക് കൈമാറി എങ്കിലും കപ്പൽ ഷിപ്പ്യാർഡിൽ നിന്ന് മാറ്റിയിട്ടില്ല. പ്രധാനമന്ത്രി കപ്പൽ രാജ്യത്തിന് സമർപ്പിക്കുന്നതോടെ ഐ എൻ എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും.
ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.