ധർമ്മശാല: നിർണ്ണായക മത്സരത്തിൽ ചെറിയ സ്‌കോറിലൊതുങ്ങിയിട്ടും പഞ്ചാബിനെ തവിടുപൊടിയാക്കി ചെന്നൈ എക്‌സ്പ്രസ്. ബാറ്റിംങ് തിളങ്ങാതിരുന്ന മത്സരത്തിൽ മനസറിഞ്ഞെറിഞ്ഞ ബൗളർമാരാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്.
സ്‌കോർ
ചെന്നൈ: 167/9
പഞ്ചാബ് : 139/9
ടോസ് നേടിയ പഞ്ചാബ് ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് ക്യാപ്റ്റൻ മനസിൽ കണ്ടത് പക്ഷേ പാളുന്ന കാഴ്ചയാണ് ആദ്യം കണ്ടത്. ചെന്നൈ ഓപ്പണർ രഹാനെയെ (9) സ്‌കോർ ബോർഡിൽ 12 റണ്ണുള്ളപ്പോഴേയ്ക്കും നഷ്ടമായെങ്കിലും ഗെയ്ദ് വാഗും (32), ഡാരി മിച്ചലും (30) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഏഴ് ഓവറിൽ സ്‌കോർ 69 ൽ എത്തിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. എന്നാൽ, ആറു റൺ കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ഗെയ്ദ് വാഗ് (32), ദുബൈ (0), ഡാരി മിച്ചൽ എന്നിവർ തിരികെ മടങ്ങി. ഇതോടെ ചെന്നൈ പ്രതിരോധത്തിലായി. നൂറ് കടത്തിയ ശേഷം മോയിൻ അലികൂടി (17) വീണു. പിന്നാലെ കളത്തിലെത്തിയ മിച്ചൽ സാറ്റ്‌നർ 11 റണ്ണെടുത്തപ്പോൾ, ഷാർദൂർ താക്കൂർ നടത്തിയ സാമ്പിൾ വെടിക്കെട്ടാണ് (11 പന്തിൽ 17) ചെന്നൈയ്ക്ക് ആത്മവിശ്വാസം നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടൂർണമെന്റിൽ ആദ്യമായി ധോണിയുടെ വിക്കറ്റ് ഒരു ബൗളർക്ക് കിട്ടുന്നതിനും ധർമ്മശാല വേദിയായി. റണ്ണെടുക്കും മുൻപ് ആദ്യ പന്തിൽ തന്നെ ധോണിയുടെ വിക്കറ്റിളക്കിയത് ഹർഷൽ പട്ടേലായിരുന്നു. ധോണിയ്ക്ക് പിന്നാലെ തുഷാർ ദേശ്പാണ്ടേ കൂടി പുറത്തായെങ്കിലും, ഒരു വശത്ത് നിന്ന് ജഡേജ അടിച്ചു കൂട്ടിയ റണ്ണാണ് ചെന്നൈയ്ക്ക് അവസാനം പ്രതീക്ഷയായത്. 26 പന്തിൽ രണ്ട് സിക്‌സും മൂന്നു ഫോറും പറത്തിയാണ് ജഡേജ 43 റണ്ണെടുത്തത്.
വളരെ എളുപ്പം തന്നെ പഞ്ചാബ് ബാറ്റിംങ് നിരയ്ക്ക് അടിച്ചെടുക്കാവുന്ന സ്‌കോറാണ് ചെന്നൈ ഉയർത്തിയെന്ന ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ബാറ്റിംങിന് ഇറങ്ങിയത്. എന്നാൽ, ഒൻപത് റണ്ണെടുക്കുന്നതിനിടെ തന്നെ രണ്ട് ബാറ്റർമാരെയാണ് ദേശ്പാണ്ഡേ മടക്കിയത്. രണ്ടു പേരെയും ക്ലീൻ ബൗൾ ചെയ്ത ദേശ്പാണ്ഡേ കളി ചെന്നൈയുടെ കളത്തിൽ എത്തിച്ചു. ഏഴു റണ്ണടുത്ത ബ്രയ്‌സ്റ്റോയും, റണ്ണെടുക്കും മുൻപ് റോസോയുമാണ് ദേശ്പാണ്ഡേയ്ക്ക് ഇരയായത്. കളിയിലേയ്ക്ക് പഞ്ചാബിനെ മടക്കിക്കൊണ്ടുവരാൻ ശ്രമം നടത്തിയ ശശാങ്ക് സിംങ്ങിനെ (27) സാറ്റ്‌നറും, പ്രഭുസിമ്രാൻ സിംങ്ങിനെ(30) ജഡേജയും വീഴ്ത്തിയതോടെ പിന്നാലെ ഉണ്ടായത് കൂട്ടത്തകർച്ചയായിരുന്നു.
62 ന് മൂന്ന് എന്ന നിലയിൽ നിന്ന പഞ്ചാബ് 90 ന് എട്ട നിലയിലേയ്ക്കാണ് തകർന്നു വീണത്. ജിതേഷ് ശർമ്മ (0), സാം കരൺ (7), അശുതോഷ് ശർമ്മ (3), ഹർഷൽ പട്ടേൽ (12) എന്നിവരാണ് കൂട്ടത്തകർച്ചയിൽ വീണു പോയത്. അവസാനം എന്നോളം ആളിക്കത്തിയ രാഹുൽ ചഹറിനെ (16) താക്കൂർ വീഴ്ത്തി. ഹർമ്മന് പ്രീത് ബ്രാർ (17), റബാൻഡ (11) എന്നിവർ പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി ജഡേജ മൂന്നും, സിമ്രജീത്ത് സിംങും, ദേശ് പാണ്ഡെയും രണ്ടും വിക്കറ്റ് വീതവും, താക്കൂറും സാറ്റ്‌നറും ഓരോ വിക്കറ്റും വീഴ്ത്തി.