ചെന്നൈ: ഗുജറാത്തിനെ തകർത്ത് തരിപ്പണമാക്കി തലയും കുട്ടികളും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തലപ്പത്തേയ്ക്ക്..! പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരെ തകർത്താണ് ചെന്നൈ ഫൈനലിലേയ്ക്കു യോഗ്യത നേടിയത്. ഇന്നു നടന്ന ഒന്നാം ക്വാളിഫെയറിൽ 15 റണ്ണിനാണ് ചെന്നൈ ഗുജറാത്തിനെ തകർത്തത്.
സ്കോർ
ചെന്നൈ – 172-7
ഗുജറാത്ത് – 157-10
ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ ഗെയ്ദ് വാഗും (44 പന്തിൽ 60), കോൺവേയും (34 പന്തിൽ 40) പതിഞ്ഞതെങ്കിലും മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. പത്ത് ഓവറിൽ 87 റൺ ചേർത്ത ശേഷം ഈ കൂട്ടുകെട്ടിൽ ആദ്യം പുറത്തായത് ഗെയ്ദ് വാഗായിരുന്നു. ശർമ്മയുടെ പന്തിൽ മില്ലർ പിടിച്ചാണ് ഗെയ്ദ് വാഗ് പുറത്തായത്. പിന്നാലെ, ഇംപാക്ട് പ്ലെയറായ ശിവം ദുബൈ (1) എത്തി അതേ വേഗത്തിൽ തന്നെ മടങ്ങി. 121 ൽ ടീം സ്കോർ എത്തിയപ്പോൾ 17 റണ്ണെടുത്ത രഹാനെയും വീണു. പിന്നാലെ നാല് റൺ കൂടി ചേർത്ത് കോൺവെയും, 148 ൽ അമ്പാട്ടി റായിഡുവും വീണു. ഒരു റൺ മാത്രം നേടിയ ധോണി ആരാധകരുടെ ആർപ്പുവിളിയ്ക്കിടയിൽ വന്ന വഴി മടങ്ങി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ജഡേജ (16 പന്തിൽ 22 ) ആണ് ടീം സ്കോർ 170 കടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിന് ഇറങ്ങിയ ഗുജറാത്ത് ഓപ്പണർമാരെ വരിഞ്ഞു മുറുക്കിയാണ് ചെന്നൈ ബൗൾ ചെയ്തത്. 22 ൽ സാഹയെ (12) ചഹർ പതിരണയുടെ കയ്യിൽ എത്തിച്ചു. ആദ്യ പന്ത് ബൗണ്ടറി കടത്തി മികച്ച ടച്ചോടെ ബാറ്റ് ചെയ്ത പാണ്ഡ്യ ധോണിയുടെ മികച്ച ഫീൽഡ് സെറ്റിംങിൽ കുരുങ്ങി മടങ്ങി. എട്ട് റണ്ണായിരുന്നു സമ്പാദ്യം. 72 ൽ ശനങ്കയും (17), 88 ൽ മില്ലറും (4), ഇതേ സ്കോറിൽ ഓപ്പണർ ഗില്ലും (42) മടങ്ങിയതോടെ 88 ന് അഞ്ച് എന്ന നിലയിൽ ഗുജറാത്ത് തകർന്നു. നൂറ് കടക്കും മുൻപ് തിവാത്തിയയെ (3) തീക്ഷണ ക്ലീൻ ബൗൾ ചെയ്തു. വിജയ് ശങ്കറും (14) റാഷിദ് ഖാനും ചേർന്ന് കൂറ്റനടികളിലൂടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നതിനിടെ മികച്ച ക്യാച്ചിലൂടെ ഗെയ്ദ് വാഗ് വിജയ് ശങ്കറിനെ പുറത്താക്കി. തൊട്ടടുത്ത പന്തിൽ സിംഗിൾ നേടാൻ ശ്രമിച്ച നാൽക്കണ്ടെയെ (0) സേനാപതി നേരിട്ടുള്ള എറീൻ റണ്ണൗട്ടാക്കി. അവസാന പ്രതീക്ഷയായിരുന്ന റാഷിദ് ഖാനെ (16 പന്തിൽ 30) ദേശ് പാണ്ടേ കോൺവേയുടെ കയ്യിലെത്തിച്ചു. നൂറും ഷമിയും ചേർന്ന് അവസാന ഓവർ പൂർത്തിയാക്കിയെങ്കിലും വിജയത്തിലേയ്ക്ക് എത്താൻ സാധിച്ചില്ല.