ന്യൂസ് ഡെസ്‌ക്ക് : എതിരാളികളെ നിഷ്‌കരുണം നിഗ്രഹിച്ച് തോല്‍വി അറിയാതെ തേരോട്ടം നടത്തിയ കൊല്‍ക്കത്തയിലെ രാത്രി സഞ്ചാരികള്‍ക്ക് ചെപ്പോക്കിലെത്തിയപ്പോള്‍ കാലിടറി. തുടക്കം മുതല്‍ തന്നെ എതിരാളിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന അവരുടെ തന്ത്രം പക്ഷേ ചെന്നൈയ്ക്ക് എതിരെ പ്രാവര്‍ത്തികമായില്ല. കീഴ്‌പ്പെടുത്താന്‍ ശ്രമിക്കും മുന്‍പ് എതിരാളികളെ എറിഞ്ഞു വീഴ്ത്തി റുതുരാജാവും സംഘവും ചെപ്പോക്കിലെ യുദ്ധ ഭൂമി കീഴടക്കിയതോടെ തോല്‍വി വഴങ്ങുകയല്ലാതെ അവര്‍ക്ക് വേറെ വഴിയില്ലായിരുന്നു. ടോസ് നഷടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് ആദ്യ ബോളില്‍ തന്നെ ആദ്യ പ്രഹരം ഏല്‍പ്പിച്ചത് തുഷാര്‍ ദേശ്പാണ്ഡെയായിരുന്നു.
സാള്‍ട്ടിനെ ആദ്യ പന്തില്‍ തന്നെ ജഡേജയുടെ കൈകളിലെത്തിച്ച് തുഷാര്‍ തുടങ്ങിവെച്ച പോരാട്ടം ജഡേജ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കൊല്‍ക്കത്തയുടെ കൈവിട്ട് പോയി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ കൊല്‍ക്കത്തയുടെ സ്‌കോര്‍ ഇഴഞ്ഞു നീങ്ങി. ഒടുവില്‍ ചെന്നൈയെ ഭയപ്പെടുത്താന്‍ തക്കവണ്ണം വലിയ ടോട്ടല്‍ സമ്മാനിക്കാതെ അവര്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ആദ്യ മൂന്ന് മത്സരങ്ങളിലും എതിരാളികളെ വിറപ്പിച്ച രാത്രി സഞ്ചാരികള്‍ പക്ഷേ ചെപ്പോക്കിലെ ഇരുട്ടില്‍ കണ്ണു കാണാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയായിരുന്നു. വലിയ സ്‌കോര്‍ നേടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പിയ കൊല്‍ക്കത്തയ്ക്ക് എതിരെ വിജയം നേടുവാന്‍ റുതുരാജാവിനും കൂട്ടര്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. ക്യാപ്റ്റന്‍ റുതുരാജ് തന്നെ മുന്നില്‍ നിന്ന് നയിച്ചതോടെ അനായാസ വിജയവുമായി വിജയ വഴിയിലേക്ക്്് ചെന്നൈ തിരികെ എത്തുകയായിരുന്നു.