ന്യൂസ് ഡെസ്ക്ക് : 2024 ഐപിഎല്‍ ബാറ്റര്മരുടെ പറുദീസയായി മാറുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബാറ്റര്‍മാര്‍ അരങ്ങുവാഴുന്ന ഇത്തവണത്തെ ഐപിഎല്ലില്‍ ബോളര്‍മാരുടെ ഘാതകരില്‍ മുന്‍പന്തിയിലാണ് ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസന്. സണ്‍ റൈസേഴ്സ് ഉദിച്ചുയരുന്ന മത്സരങ്ങളില്‍ ക്ലാസന്റെ എണ്ണം പറഞ്ഞ ഇന്നിംഗ്സ് ഉണ്ടാവുമെന്നുറപ്പ്. ബോളറെയോ ടീമിനെയോ നോക്കാതെ അതിര്‍ത്തി വരയ്ക്കപ്പുറം പന്തിനെ അടിച്ചു പറത്തുന്ന ക്ലാസന് നിലവില്‍ സിക്സ് വേട്ടക്കാരില്‍ മുന്‍പന്തിയിലാണ്.
6 കളിയില്‍ നിന്നായി 24 സിക്സാണ് നിലവില്‍ ക്ലാസന്റെ ബാറ്റില്‍ നിന്ന് ഗാലറിയിലേക്ക് പറന്നത്. ബോള്‍ ചെയ്യാനെത്തുന്ന ഏതൊരു ബോളറെയും ഭയപ്പെടുത്തുന്ന അഗ്രസീവ്നസ് നിറഞ്ഞ ബാറ്റിംഗ് ശൈലി. അതാണ് ക്ലാസനെ വ്യത്യസ്തനാക്കുന്നത്. ബോള്‍ ചെയ്യാനെത്തുന്ന ഏതൊരു ബോളറേയും ബൗണ്ടറിയിലേക്ക്് തൂക്കി അയാളുടെ ആരാച്ചാരായി മാറുന്ന ദക്ഷിണാഫ്രിക്കന്‍ താരം. ക്ലാസിക്ക് ശൈലി മാറ്റിവെച്ച് ഹിറ്റിംഗ് മാത്രം നടത്തേണ്ടുന്ന കുട്ടി ക്രിക്കറ്റില്‍ അതിനാല്‍ തന്നെ ക്ലാസന് ക്ലാസ് ആവുകയാണ്.