ലഖ്‌നൗ : ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സിനെ നേരിടും.7.30ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ എതിരാളി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. നാളെ ടി20 ലോകകപ്പ് ടീം സെലക്ഷനുമായുള്ള യോഗം നടക്കാനിരിക്കെ ഈ രണ്ട് മത്സരങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ടീമിലേക്ക് പരിഗണിക്കപ്പെടുന്ന വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്ന് പേരും ഇന്ന് കളിക്കാനെത്തുന്നുണ്ട്. ഡല്‍ഹി കാപിറ്റല്‍സിന്റെ റിഷഭ് പന്ത് ഏറെക്കുറെ ടീമില്‍ സ്ഥാനമുറപ്പിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബാക്ക്‌അപ്പ് വിക്കറ്റ് കീപ്പറായി ലഖ്‌നൗവിന്റെ കെ എല്‍ രാഹുലും.
രാജസ്ഥാന്‍ കീപ്പറായ സഞ്ജുവിന്റെ കാര്യത്തിലാണ് ഏറെ ആശയക്കുഴപ്പമുള്ളത്. താരത്തെ സെലക്റ്റര്‍മാര്‍ കയ്യൊഴിഞ്ഞേക്കുമെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇന്ന് ഇരുവരേയും വെല്ലുന്ന പ്രകടനം സഞ്ജു പുറത്തെടുത്താല്‍ തീരുമാനം മാറ്റേണ്ടിവരും. ഐപിഎല്‍ പ്രകടനം പരിശോധിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ പന്താണ്. ഒൻപത് മത്സരങ്ങളില്‍ നിന്ന് 342 റണ്‍സാണ് ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ കൂടിയായ പന്ത് നേടിയത്. 161.32 സ്‌ട്രൈക്ക് റേറ്റാണ് പന്തിനുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എട്ട് കളികളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ചുറികളടക്കം 152.42 സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സുമായി സഞ്ജു പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് 140 സ്‌ട്രൈക്ക് റേറ്റില്‍ 287 റണ്‍സുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്തും. ഐപിഎല്ലിനെ തകര്‍പ്പന്‍ പ്രകടനത്തിനിടയിലും സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് സൂചന. പിടിഐയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പന്ത് ടീമിന്റെ ഒന്നാം നമ്പര്‍ കീപ്പറായും ഫിനിഷറായും സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു.
സ്വഭാവികമായിട്ടും ബാക്ക് അപ്പ് കീപ്പറായി സഞ്ജുവിനെയാണ് പരിഗണിക്കേണ്ടത്. എന്നാല്‍ രാഹുലിന് നറുക്ക് വീണേക്കും. ഷോട്ടുകള്‍ പായിക്കുന്നതിലെ വൈവിധ്യമാണ് രാഹുലിനെ സഞ്ജുവിനേക്കാള്‍ ഒരു പടി മുന്നില്‍ നിര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും മൂവരുടേയും ഇന്നത്തെ പ്രകടനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.