ചഹാറിന്റെ ചാറെടുത്ത നാല് പന്തുകൾ ; അതിർത്തി വരയിലേയ്ക്ക് മിന്നൽ പോലെ പറന്ന നാല് സിക്സറുകൾ ; പുതിയ കാലത്തിന്റെ എ.ബി ഡിവില്ലിയേഴ്സ് അരങ്ങുണർത്തിക്കഴിഞ്ഞു …. ബേബി ഏബിഡി …ഡെവാള്‍ഡ് ബ്രേവിസ് കനലാവുകയാണ്

സ്പോർട്സ് ഡെസ്ക്ക് : രാഹുൽ ചഹാർ എറിഞ്ഞ ആ ഓവറിലെ നാല് പന്തുകൾ മാത്രം മതിയായിരുന്നു അയാളെ അടയാളപ്പെടുത്തുവാൻ . ചഹാറിന്റെ ചാറെടുത്ത നാല് പന്തുകൾ . വമ്പൻ തിമിംഗലങ്ങൾ വിരാചിക്കുന്ന ഐപിഎൽ എന്ന മഹാ സമുദ്രത്തിൽ ചെറിയ മീനുകളുടെ കൂട്ടത്തിൽ മാത്രം ഉൾപ്പെട്ട ഒരു മീൻ മാത്രമായിരുന്നു ഇന്നലെ വരെ അയാൾ. എന്നാൽ ആ കൊടുങ്കാറ്റിന്റെ മിന്നലായി മാറിയ ബാറ്റ് വേഗം ഇന്നലെ ഐപിഎൽ തിരിച്ചറിഞ്ഞു. കഴിഞ്ഞ സീസൺ വരെ 360 ഡിഗ്രിയിൽ ഏതു ദിശയിലേയ്ക്കും പന്തുകൾ പായിച്ചിരുന്ന എ ബി ഡിവില്ലിയേഴ്സ് , അയാളുടെ പിൻമുറക്കാരനെന്ന് വാഴ്ത്തിപ്പാടിയ ഈരടികൾ വെറുതെയല്ല എന്ന് ആ 18 വയസുകാരൻ അടിവരയിട്ട് വിളിച്ചു പറയുകയായിരുന്നു. ഡെവാള്‍ഡ് ബ്രേവിസ്….. പുതിയ കാലത്തിന്റെ എ.ബി ഡിവില്ലിയേഴ്സ് …..

Advertisements

എത്ര അനായാസമായാണ് അയാൾ രാഹുൽ ചഹാറിനെ തുടർച്ചയായി 4 തവണ അതിർത്തി വരയിലേയ്ക്ക് പായിച്ചത്. അതിൽ ഒന്ന് ഈ ഐപില്ലിലെ ഏറെ ദൂരമേറിയ സിക്സുകളിൽ ഒന്നും. പതിയെ തുടങ്ങിയ ബ്രേവിസ് ഇന്നലെ ഒരു കൊടുങ്കാറ്റായി രൂപം പ്രാപിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചാബ് കിംഗ്സിനെതിരെയുള്ള പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് താരം ബേബി ഏബിയുടെ ബാറ്റിംഗ് വിരുന്നായിരുന്നു പ്രധാന സവിശേഷത. ബാറ്റിങിലും മറ്റും മുൻ ദക്ഷിണാഫ്രിക്കൻ താരം ഏബി ഡിവില്ലിയേഴ്സിനോട് സമാനതകൾ ഉള്ളതിനാല്‍ മാത്രമല്ല അനായാസം ഭീതിയില്ലാതെ പന്തിനെ അതിർത്തി കടത്തുവാൻ ഉള്ള കഴിവ് കൊണ്ട് കൂടി ബേബി ഏബിയെന്നാണ് ഡെവാള്‍ഡ് ബ്രവിസിനെ ക്രിക്കറ്റ് ആരാധകർ വിശേഷിപ്പിക്കുന്നത്.

ഐപിഎല്‍ മെഗാ ലേലത്തില്‍ 3 കോടി രൂപക്കാണ് താരത്തെ മുംബൈ സ്വന്തമാക്കിയത്.സൗത്താഫ്രിക്കന്‍ താരത്തിന്‍റെ സമാനതകള്‍ ഈ മത്സരത്തില്‍ കാണിച്ചാണ് ബ്രവിസ് മടങ്ങിയത്. വെറും 25 പന്തില്‍ 49 റണ്‍സാണ് താരം നേടിയത്. സൗത്താഫ്രിക്കന്‍ യുവതാരത്തിന്‍റെ ബാറ്റില്‍ നിന്നും 4 ഫോറും 5 സിക്സും പിറന്നു. ഒന്‍പതാം ഓവര്‍ എറിയാന്‍ എത്തിയ രാഹുല്‍ ചഹർ ഒരിക്കലും ബേബി ഏബിയെ മറക്കാൻ ഇടയില്ല.

ആദ്യ പന്തില്‍ സിംഗിള്‍ ഇട്ടുകൊടുത്ത തിലക് വര്‍മ്മയെ മറു വശത്ത് കാഴ്ച്ചക്കാരനാക്കി ഏബി ഷോ ആരംഭിച്ചു. നേരിട്ട ആദ്യ പന്തില്‍ ഫോറടിച്ച് തുടങ്ങിയ താരം പിന്നീട് രാഹുല്‍ ചഹറിനെ തുടര്‍ച്ചയായ 4 സിക്സറിനാണ് പറത്തിയത്. അതില്‍ പല ഷോട്ടുകളും ഏബിയുടെ സാദൃശ്യമുള്ളതായിരുന്നു.ആ ഓവറില്‍ 29 റണ്‍സാണ് പിറന്നത്. രാഹുല്‍ ചഹറിന്‍റെ കരിയറില്‍ ഇതാദ്യമായാണ് ഒരു ഓവറില്‍ ഇത്രയും റണ്‍സ് വിട്ടുകൊടുക്കുന്നത്. രാഹുല്‍ ചഹറിനെ അടിച്ച ഒരു സിക്സ് പോയത് 112 മീറ്ററാണ്. അതേ സമയം രണ്ട് ഓവറുകള്‍ക്ക് ശേഷം താരത്തിനു വിക്കറ്റ് നഷ്ടമായി. ഒരു ലൈഫ് ലഭിച്ചെങ്കിലും തൊട്ടടുത്ത പന്തില്‍ ഒഡിയന്‍ സ്മിത്തിന്‍റെ പന്തില്‍ അര്‍ഷദീപിനു  ക്യാച്ച് നല്‍കി മടങ്ങി.

പക്ഷേ എല്ലാ അർത്ഥത്തിലും ഒരു സൂചന നൽകിയാണ് ആ താരം മടങ്ങിയത്. വരാനിരിക്കുന്ന ഐപിഎൽ പൂരങ്ങളിൽ മുംബൈ ജയിക്കുകയോ നാണം കെട്ട് പരാജയപ്പെടുകയോ ചെയ്യുമായിരിക്കാം പക്ഷേ ഒന്നുറപ്പാണ് അയാൾ വീണ്ടും തന്റെ സ്ഥാനം അടയാളപ്പെടുത്തുക തന്നെ ചെയ്യും. ബാറ്റ് കൊണ്ട് ഇതിഹാസം തീർത്ത് മൈതാനത്തിന്റെ എല്ലാ കോണിലേയ്ക്കും പന്തിനെ അനായാസം അടിച്ചകറ്റി അയാൾ സംഹാര താണ്ഡവമാടും. ഐ പി എല്ലിന് നഷ്ടമായ ഡീവില്ലിയേഴ്സ് ഷോ അവസാനിക്കുന്നില്ല …… ബേബി ഏബി നിങ്ങൾക്കായി നിങ്ങൾക്കൊരു വിരുന്നൊരുക്കി കാത്തിരിപ്പുണ്ട് ….. അതിന്റെ തുടക്കം മാത്രമാണ് ഇന്നലെ കണ്ടത്…… കഥ….ഇനിയാണ് ……

Hot Topics

Related Articles