ന്യൂസ് ഡെസ്ക് : ഐപിഎല്ലിന്റെ ലീഗ് ഘട്ടത്തിലെ പോരാട്ടങ്ങള്‍ നാലാംറൗണ്ടിലേക്കു കടന്നിരിക്കുകയാണ്. നാലു ടീമുകളൊഴിക്കെ ബാക്കിയെല്ലാവരും നാലു റൗണ്ടുകള്‍ വീതം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇത്തവണ ഒരു മല്‍സരം പോലും തോല്‍ക്കാതെ മുന്നേറിയത് രണ്ടു ടീമുകള്‍ മാത്രമാണ്. രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഒരു ടീമെങ്കില്‍ രണ്ടാമത്തേത് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സാണ്. ഇരുടീമുകളും കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചുകയറി.ആറു പോയിന്റ് വീതം നേടി കെകെആറും റോയല്‍സും പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുകയാണ്. തുല്യ പോയിന്റാണ് രണ്ടു ടീമുകള്‍ക്കുമുള്ളതെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റ് കെകെആറിനെ തലപ്പത്ത് എത്തിച്ചു.
+2.518 പോയിന്റാണ് കെകെആറിന്റെ അക്കൗണ്ടിലുള്ളത്. റോയല്‍സിന്റെ നെറ്റ് റണ്‍റേറ്റ് +1.249ഉം ആണ്. ടൂര്‍ണമെന്റിന്റെ ആദ്യ പകുതി പിന്നിടാന്‍ ഇനി ഭൂരിഭാഗം ടീമുകള്‍ക്കും മൂന്നു മല്‍സരങ്ങളാണ് ബാക്കിയുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ആരാധകരുടെ മുഴുവന്‍ മനസ്സിലുയരുന്ന ചോദ്യം പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ ഒരു ടീമിനു എത്ര പോയിന്റ് വേണ്ടിവരും എന്നതാണ്. പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവരാണ് പ്ലേഓഫിലെത്തുക. ഒന്നും രണ്ടും സ്ഥാനക്കാര്‍ സെമി ഫൈനലിലു തുല്യമായ ക്വാളിഫയര്‍ വണ്ണില്‍ ഏറ്റുമുട്ടും. ജയിക്കുന്നര്‍ നേരിട്ടു ഫൈനലിലേക്കു മുന്നേറും. ഈ മല്‍സരത്തില്‍ തോല്‍ക്കുന്നവര്‍ക്കു ഫൈനലില്‍ കടക്കാന്‍ ഒരവസരം കൂടി ലഭിക്കും.
പോയിന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ എലിമിനേറ്റിലാണ് കൊമ്ബുകോര്‍ക്കുക.
ഇതില്‍ തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുമ്പോള്‍ ജയിക്കുന്നവര്‍ ക്വാളിഫയര്‍ രണ്ടിലേക്കു മുന്നേറും. നേരത്തേ നടന്ന ക്വാളിഫയര്‍ വണ്ണില്‍ തോറ്റ ടീമും എലിമിനേറ്ററിലെ വിജയിയും തമ്മിലായിരിക്കും രണ്ടാം ക്വാളിഫയര്‍. ഇതില്‍ ജയിക്കുന്നവരാണ് ഫൈനലിലെ രണ്ടാമത്തെ ടീം.
പ്ലേഓഫിലേക്കു യോഗ്യത നേടണമെങ്കില്‍ ഒരു ടീമിനു ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ പോയിന്‍റ് 16 ആണെന്നു മുന്‍ സീസണുകളിലെ കണക്കുകള്‍ പറയുന്നു. 16 പോയിന്റുണ്ടെങ്കില്‍ പ്ലേഓഫില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഒന്നിലധികം ടീമുകള്‍ക്കു ഇതേ പോയിന്റ് ലഭിക്കുമ്പോള്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണാകമാവാറുമുണ്ട്. 18 പോയിന്റുണ്ടെങ്കില്‍ പ്ലേഓഫ് ടിക്കറ്റ് ഗ്യാരണ്ടിയാണ്.
2022 മുതല്‍ ഐപിഎല്ലില്‍ 10 ടീമുകളാണ് കിരീടത്തിനായി പോരടിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളുടെ വരവോടെയാണ് ടീമുകള്‍ പത്തിലേക്കു ഉയര്‍ന്നത്. അന്നു ജിടിയാണ് ആദ്യം പ്ലേഓഫില്‍ കടന്ന ടീം. 20 പോയിന്റാണ് ഹാര്‍ദിക് പാണ്ഡ്യ നയിച്ച ടീമിനു ലഭിച്ചത്.
18 പോയിന്റ് വീതം നേടി റോയല്‍സും ലഖ്‌നൗവും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി പ്ലേഓഫില്‍ കടന്നു. 16 പോയിന്റ് നേടിയ ആര്‍സിബിയാണ് നാലാംസ്ഥാനക്കാരായി പ്ലേഓഫിലെത്തിയത്.
കഴിഞ്ഞ സീസണിലും ജിടി തന്നെയാണ് ആദ്യം പ്ലേഓഫിലെത്തിയത്. 20 പോയിന്റ് നേടി ജിടി ഒന്നാംസ്ഥാനക്കാരാവുകയായിരുന്നു. 17 പോയിന്റ് വീതം നേടി സിഎസ്‌കെ, എല്‍എസ്ജി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലും ഫിനിഷ് ചെയ്തു. 16 പോയിന്റ് ലഭിച്ച മുംബൈയാണ് നാലാമതെത്തി പ്ലേഓഫില്‍ കടന്നത്. അതുകൊണ്ടു തന്നെ ഈ സീസണിലും 16 പോയിന്റാണ് ഒരു ടീം ലക്ഷ്യമിടേണ്ട ഏറ്റവും കുറഞ്ഞ യോഗ്യതാ മാര്‍ക്ക്.
നിലവിലെ പോയിന്റ് പട്ടിക പരിഗണിക്കുമ്പോള്‍ ഈ ലക്ഷ്യം കൂടുതല്‍ അടുത്തുള്ളത് കെകെആറിനും റോയല്‍സിനുമാണ്. ആറു പോയിന്റ് ഇരുടീമിന്റെയും അക്കൗണ്ടിലുണ്ട്. ഇനിയുള്ള 11 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റ് കൂടി നേടിയാല്‍ ഇവര്‍ക്കു പ്ലേഓഫ് ഉറപ്പിക്കാം.
അതായത് ബാക്കിയുള്ള 11 കളിയില്‍ അഞ്ചെണ്ണം ജയിച്ചാല്‍ ഈ ടീമുകള്‍ക്കു 16 പോയിന്റാവും.സിഎസ്‌കെ, ലഖ്‌നൗ, ഹൈദാബാദ്, പഞ്ചാബ്, ഗുജറാത്ത് എന്നീ ടീമുകളാണ് നാലു പോയിന്റ് വീതം നേടി പോയിന്റ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇവര്‍ക്കെല്ലാം 10 കളിയാണ് ഇനി ശേഷിക്കുന്നത്. ഇതില്‍ ആറെണ്ണമെങ്കിലും ജയിച്ചാല്‍ പ്ലേഓഫില്‍ കടക്കാം.
പോയിന്റ് പട്ടികയില്‍ അവസാന മൂന്നു സ്ഥാനത്ത് ആര്‍സിബി, ഡിസി, എംഐ എന്നിവരാണ്. ആര്‍സിബിക്കും പഞ്ചാബിനും രണ്ടു പോയിന്റ് വീതവുമുണ്ടെങ്കില്‍ മുംബൈയ്ക്കു വട്ടപൂജ്യമാണ്. മുംബൈയ്ക്കു ഇനി 11 കളികള്‍ ബാക്കിയുണ്ട്. ഇതില്‍ എട്ടെണ്ണത്തിലെങ്കിലും ജയിച്ചെങ്കില്‍ മാത്രമേ 16 പോയിന്റോടെ പ്ലേഓഫിലേക്കു കടക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങള്‍ അവര്‍ക്കു നിര്‍ണായകമാണ്.