സ്പോർട്സ് ഡെസ്ക്ക് : തന്റെ സ്വപ്ന സൗധത്തിലേയ്ക്ക് തോണി തുഴഞ്ഞവൻ, കുത്തിയുയരുന്ന പന്തിൽ അന്തിയുറങ്ങാനൊരു കൂര കരുതിയവൻ, കോടികൾ ഒഴുകുന്ന കഥ മാത്രമല്ല 2022 ലെ ഐ പി എൽ വിളിച്ചു പറയുന്നത്. അതിജീവനത്തിന്റെ , പ്രാരാബ്ദങ്ങളുടെ , പ്രതീക്ഷാ നിർഭരമായ നാളെകളുടെ , എല്ലാത്തിനുമുപരിയായി നിറവേറ്റപ്പെടാൻ വേണ്ടി പോകുന്ന സ്വപ്നങ്ങളുടെ കളിക്കളം കൂടിയാണിന്ന് ആ 22 യാർഡ് മൈതാനങ്ങൾ .
ആമുഖങ്ങൾ അനിവാര്യമാണ് അവന് . ദാരിദ്രത്തിന്റെ നൊമ്പര ബാല്യത്തിൽ നിന്നും ഇന്ത്യയുടെ ദേശീയ ജേഴ്സി സ്വപ്നം കണ്ട ബാലൻ . ക്രിക്കറ്റ് കിറ്റ് പോലും സ്വന്തമായി ഇല്ലാതിരുന്നിട്ടും അവൻ പിൻമടങ്ങുവാൻ ഒരുക്കമായിരുന്നില്ല. പോരാടി , അതിജീവിച്ചു. തകർന്ന ബാറ്റുമേന്തി അവൻ അണ്ടർ 16 മത്സരങ്ങളിൽ ഏറ്റവും അധികം റൺസ് നേടിയ താരമായി റെക്കോർഡ് കുറിച്ചു. അതെ വീടിനും നാടിനും തിലകക്കുറി ചാർത്തിയവൻ തിലക് വർമ്മയെന്ന യുവ ക്രിക്കറ്റർ ശരിക്കും ഒരു പോരാളി തന്നെയാണ്. അത് കൊണ്ട് തന്നെയാണ് അവൻ ഇന്ന് നേടിയ നേട്ടങ്ങൾക്ക് അതിരുകളില്ലാത്തത്. ജീവിത സാഹചര്യങ്ങൾ മൂലം സ്വന്തം സ്വപ്നങ്ങൾ വലിച്ചെറിഞ്ഞു കളയുന്ന തലമുറയ്ക്ക് അവൻ മാതൃക കാട്ടുകയാണ്. എരിഞ്ഞൊടുങ്ങുവാൻ തയ്യാറാവാത്ത അതിജീവനത്തിന്റെ അഗ്നി ഉള്ളിൽ പേറി തിലക് കുതിച്ചു. ഇലക്ട്രീഷനായ അച്ഛന് സാധിച്ചു കൊടുക്കുന്നതിലും അപ്പുറമായിരുന്നു അവന്റെ സ്വപ്നങ്ങൾ. സ്വന്തമായി ഒന്നും അവകാശപ്പെടാൻ ഇല്ലാതിരുന്നിട്ടും അവൻ തളർന്നില്ല. ഈ ഐ പി എൽ അവസാനിക്കുമ്പോൾ കപ്പടിക്കുന്ന ടീമിനെക്കാൾ സന്തോഷിക്കുന്ന ഒരു കുടുംബമുണ്ടാകും. വാടക വീട്ടിൽ നിന്നും സ്വന്തമായി ഒരു കൂരയെന്ന സ്വപ്ന സാക്ഷാത്കാരവുമായി മടങ്ങിയെത്തുന്ന മകനെ കാത്തു നിൽക്കുന്ന കുടുംബം. ഏത് ടീം ഫൈനലിൽ കിരീടം മുത്തിയാലും അതിലും വിലമതിക്കുന്ന സമ്മാനവുമായി എത്തുന്ന മകൻ. ആ കുടുംബം . കണ്ണീർ മഴ തോർന്നൊഴിഞ്ഞ വാടക വീട്ടിൽ സന്തോഷത്തിന്റെ പുതിയ പൂക്കൾ വിടർന്നു തുടങ്ങും. ഒരു പുതിയ തുടക്കവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ ദുരിതങ്ങൾ തുറന്നു പറയുവാൻ തിലക് മടി കാണിക്കുന്നില്ല. ഇല്ലായ്മയിൽ നിന്നും വളർന്നു വന്ന അവന്റെ ഈ നിഷ്കളങ്കത തന്നെയാകാം അവന്റെ നേട്ടങ്ങൾക്ക് പിന്നിൽ ഇന്ധനമായി മാറിയത്. ഐ പി എല്ലിൽ നിന്നും കിട്ടുന്ന പൈസ കൊണ്ട് സ്വന്തമായി ഒരു വീട് അതാണ് എന്റെ സ്വപ്നം
സ്വന്തം എന്നു പറയാന്‍ ഇതുവരെ ഞങ്ങള്‍ക്കൊരു വീടില്ല. അതുകൊണ്ട് ഐപിഎല്ലില്‍ നിന്നു ലഭിക്കുന്ന സമ്പാദ്യം കൊണ്ട് ഒരു വീടുവെയ്ക്കണം തിലകിന്റെ വാക്കുകൾ ” ഐപിഎല്‍ താരലേലം നടക്കുമ്പോള്‍ പരിശീലകനുമായി വിഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. തുക ഉയര്‍ന്നുയര്‍ന്നു വന്നതോടെ കോച്ചിനു സന്തോഷമായി. മുംബൈ എടുത്തെന്ന് ഉറപ്പാക്കിയ ശേഷമാണ് മാതാപിതാക്കളെ വിളിച്ചു വിവരം പറഞ്ഞത്. സന്തോഷ വാര്‍ത്ത അറിഞ്ഞതോടെ അവര്‍ കരിച്ചിലും തുടങ്ങി. അമ്മയുടെ വാക്കുകള്‍ മുറിഞ്ഞു. എന്തു പറയണമെന്ന് അറിയാതെ വന്നപ്പോള്‍ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു. അതായിരുന്നു ജീവിതത്തിലെ ഏറ്റവും വൈകാരിക മുഹൂര്‍ത്തം” തിലക് പറഞ്ഞു.
20 ലക്ഷം അടിസ്ഥാന വിലയായിരുന്ന തിലകിനായി സണ്‍റൈസേഴ്‌സും രാജസ്ഥാന്‍ റോയല്‍സും രംഗത്ത് ഉണ്ടായിരുന്നു. കടുത്ത മത്സരത്തിനൊടുവിലാണ് മുംബൈ താരത്തെ സ്വന്തമാക്കിയത്.
”കഷ്ടപ്പാടുകളും ദുരിതങ്ങളും അറിഞ്ഞാണ് വളര്‍ന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എന്റെ ക്രിക്കറ്റ് ചെലവുകള്‍ സ്‌പോണ്‍സര്‍മാരാണു വഹിക്കുന്നത്. ഐപിഎല്ലില്‍നിന്നു ലഭിക്കുന്ന സമ്പാദ്യം മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ എന്നെ സഹായിക്കും.” താരം പറഞ്ഞു.
വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നുമാണ് തിലക് വന്നത്. പിതാവ് നമ്പൂരി നാഗരാജു ഇലക്ട്രീഷ്യനാണ്. മകന്റെ ക്രിക്കറ്റ് പരിശീലനത്തിന്റെ ചെലവ് താങ്ങാന്‍ കഴിയാതെ നാഗരാജു ഒരു ഘട്ടത്തില്‍ വിഷമിച്ചു. ഈ സമയത്ത് സഹായവുമായി വന്നത് പരിശലകന്‍ സലാം ബായാഷ് ആയിരുന്നു.പുതിയ ബാറ്റ് വാങ്ങാന്‍ പണമില്ലായിരുന്നതിനാല്‍ ഒരു ബാറ്റ് സ്ഥിരമായി ഉപയോഗിച്ച് ഒരിക്കല്‍ അത് പൊട്ടിപ്പോയി. പുതിയ ഒരെണ്ണം വാങ്ങിത്തരാമെന്ന് പിതാവ് പറഞ്ഞെങ്കിലും ദീര്‍ഘനാള്‍ അതിന് കഴിഞ്ഞില്ല. താരം അണ്ടര്‍ 16 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്റെ റെക്കോഡ് നേടിയത് പൊട്ടിപ്പോയ ഈ ബാറ്റ് ഉപയോഗിച്ചായിരുന്നു. ഇക്കാര്യം പരിശീലകന്റെ ശ്രദ്ധയില്‍പെട്ടു. അദ്ദേഹം അന്നു വൈകിട്ട തന്നെ ക്രിക്കറ്റിന് ആവശ്യമായ എല്ലാ വസ്തുക്കളുമായി വന്നെന്നും താരം പറയുന്നു.
അതുകൊണ്ട് തന്നെ ഈ ഐപിഎൽ തീർച്ചയായും ആ യുവ പോരാളിയെ അടയാളപ്പെടുത്തുക തന്നെ ചെയ്യണം . ഫാൻ ബേസുള്ള മറ്റ് സീനിയർ താരങ്ങൾ എത്രയൊക്കെ നിരന്നാലും തിലക് നീ ആണ് ഈ താരമാമാങ്കത്തിന്റെ തിലകക്കുറി . എല്ലാ അർത്ഥത്തിലും ഒത്ത പോരാളി. സ്വപ്നത്തിന്റെ പിന്നാലെ പാഞ്ഞ് ഒടുവിൽ അത് കയ്യെത്തിപ്പിടിച്ച കരുത്തനായ പോരാളി.