ലഖ്നൗ : കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പോരാട്ടത്തില്‍ എസ്‌ആര്‍എച് 20 ഓവറില്‍ അടിച്ചെടുത്തത് 6 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ്! വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 168 റണ്‍സ് നേടിയപ്പോഴേയ്ക്ക് എല്ലാവരും പുറത്തായി.
ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോര്‍ഡ് നിലവില്‍ എസ്‌ആര്‍എചിന്റെ പേരില്‍ തന്നെയാണ്. മികച്ച രണ്ടാമത്തെ സ്‌കോറും മൂന്നാമത്തെ സ്‌കോറും നാലാമത്തെ സ്‌കോറും അവര്‍ തന്നെ നേടി. കഴിഞ്ഞ സീസണില്‍ അടിച്ചെടുത്ത 287 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ അവര്‍ 286 റണ്‍സ് അടിച്ചിരുന്നു. ഇന്ന് നേടിയ 278 മൂന്നാമത്തെ മികച്ച സ്‌കോറായി. കഴിഞ്ഞ സീസണില്‍ അവര്‍ 277 റണ്‍സും അടിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെയ്ൻറിച് ക്ലാസനും ടീമിനൊപ്പം നേട്ടം സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറി നേട്ടത്തിന്റെ റെക്കോര്‍ഡിനൊപ്പം താരം എത്തി. താരം 37 പന്തില്‍ സെഞ്ച്വറിയടിച്ചാണ് നേട്ടത്തിന്റെ പട്ടിക കയറിയത്. 37 പന്തില്‍ സെഞ്ച്വറി നേടിയ യൂസുഫ് പഠാന്റെ റെക്കോര്‍ഡിനൊപ്പമാണ് ക്ലാസന്‍ എത്തിയത്. 30 പന്തില്‍ സെഞ്ച്വറിയടിച്ച് ക്രിസ് ഗെയ്‌ലാണ് ഒന്നാമത്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി 35 പന്തില്‍ ശതകം നേടി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
ക്ലാസന്‍ 39 പന്തില്‍ 9 സിക്‌സും 7 ഫോറും സഹിതം 105 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ ട്രാവിസ് ഹെഡ് 40 പന്തില്‍ 6 വീതം സിക്‌സും ഫോറും സഹിതം 76 റണ്‍സ് അടിച്ചു. അഭിഷേക് ശര്‍മ 16 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം 32 റണ്‍സ് കണ്ടെത്തി. ഇഷാന്‍ കിഷന്‍ 4 ഫോറും ഒരു സിക്‌സും സഹിതം 20 പന്തില്‍ 29 റണ്‍സടിച്ചു. അനികേത് വര്‍മ 6 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റെടുത്തു. വൈഭവ് അറോര ഒരു വിക്കറ്റെടുത്തു.
279 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 168 റണ്‍സ് നേടിയപ്പോഴേയ്ക്ക് എല്ലാവരും പുറത്തായി.37 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍.
ഓപ്പണര്‍മാരായ സുനില്‍ നരെയ്ൻ – ക്വിന്റണ്‍ ഡി കോക്ക് സഖ്യം 3.3 ഓവറില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 17 പന്തില്‍ 31 റണ്‍സ് നേടിയ നരെയ്നെ ജയദേവ് ഉനദ്കട്ട് ക്ലീൻ ബൗള്‍ഡാക്കി. മൂന്നാമനായി ക്രീസിലെത്തിയ നായകൻ അജിങ്ക്യ രഹാനെയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. 15 റണ്‍സ് നേടിയ രഹാനെയെയും ഉനദ്കട്ട് മടക്കിയയച്ചു. 9 റണ്‍സുമായി ഡി കോക്കും പുറത്തായതോടെ പിന്നീട് വന്നവരെല്ലാം നിലയുറപ്പിക്കാനാകാതെ മടങ്ങുന്ന കാഴ്ചയാണ് കാണാനായത്. വമ്ബൻ ഹിറ്റര്‍മാരായ റിങ്കു സിംഗും ആന്ദ്രെ റസലും വീണ്ടും നനഞ്ഞ പടക്കങ്ങളായി. റിങ്കുവിനെയും റസലിനെയും അടുത്തടുത്ത പന്തുകളില്‍ ഹര്‍ഷ് ദുബെ മടക്കിയയച്ചത്. ഒരു സിക്സര്‍ നേടിയതിന് പിന്നാലെ വീണ്ടും കൂറ്റനടിക്ക് ശ്രമിച്ച റിങ്കുവിനെ ബൗണ്ടറി ലൈനിന് അരികില്‍ വെച്ച് നിതീഷ് കുമാര്‍ റെഡ്ഡി പിടികൂടുകയായിരുന്നു. പിന്നാലെയെത്തിയ റസലിനെ ആദ്യ പന്തില്‍ തന്നെ ഹര്‍ഷ് ദുബെ വിക്കറ്റിന് മുന്നില്‍ കുരുക്കി.
ഇംപാക്‌ട് പ്ലെയറായി എത്തിയ അംഗ്കൃഷ് രഘുവൻഷി യാതൊരു ഇംപാക്ടും സൃഷ്ടിക്കാതെ 18 പന്തില്‍ 14 റണ്‍സുമായി മടങ്ങി. ഇതോടെ ക്രീസിലെത്തിയ രമണ്‍ദീപ് സിംഗ് ഹര്‍ഷ് ദുബെയെ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ അതിര്‍ത്തി കടത്തിയെങ്കിലും മൂന്നാം പന്തില്‍ കുറ്റി പിഴുത് ഹര്‍ഷ് മധുര പ്രതികാരം ചെയ്തു. അവസാന 6 ഓവറിലേയ്ക്ക് മത്സരം എത്തിയപ്പോള്‍ കൊല്‍ക്കത്ത 7ന് 111 റണ്‍സ് എന്ന നിലയിലായിരുന്നു. 15-ാം ഓവറില്‍ അഭിഷേക് ശര്‍മ്മയ്ക്ക് എതിരെ ഒരു ബൗണ്ടറിയും രണ്ട് സിക്സറുകളും നേടി ഹര്‍ഷിത് റാണ സ്കോര്‍ ഉയര്‍ത്തി. തൊട്ടടുത്ത ഓവറില്‍ ഇഷാൻ മലിംഗയ്ക്കെതിരെ മൂന്ന് സിക്സറുകളാണ് മനീഷ് പാണ്ഡെ പറത്തിയത്. ഇതോടെ 16 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ടീം സ്കോര്‍ 150 കടന്നു. 8-ാം വിക്കറ്റില്‍ മനീഷ് പാണ്ഡെ-നിതീഷ് റാണ സഖ്യം 21 പന്തില്‍ 50 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
18-ാം ഓവറില്‍ മനീഷ് പാണ്ഡെയെ മടക്കിയയച്ച് ഉനദ്കട്ട് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. 23 പന്തില്‍ 37 റണ്‍സുമായി മനീഷ് പാണ്ഡെ മടങ്ങുന്നതിന് മുമ്ബ് തന്നെ കൊല്‍ക്കത്ത അടിയറവ് പറഞ്ഞിരുന്നു. വൈഭവ് അറോറയെ ആദ്യ പന്തില്‍ തന്നെ അപ്രതീക്ഷിതമായി ഉനദ്കട്ട് റണ്ണൗട്ടാക്കുകയും ചെയ്തതോടെ കൊല്‍ക്കത്തയുടെ 9-ാം വിക്കറ്റും നഷ്ടമായി. അവസാനം ഹര്‍ഷിത് റാണയെ പുറത്താക്കി ഇഷാൻ മലിംഗ കൊല്‍ക്കത്തയുടെ പരാജയം ഉറപ്പിച്ചു.