സ്പോർട്സ് ഡെസ്ക്ക്
പുതിയ പിള്ളേരെ നിനക്കൊക്കെ പുച്ഛമാണല്ലേടാ പുച്ഛം . അല്ലേലും കഴിവുള്ളവനെയൊന്നും നിനക്കൊന്നും പിടിക്കില്ലല്ലോ ! ക്രിക്കറ്റ് ആരാധകരുടെ പല്ലിറുമി തീർത്ത ഈ അമർഷം നാളെ വാക്ക് ശരങ്ങളായിൽ ബിസിസിഐയ്ക്ക് നേരെ പാഞ്ഞടുത്താൽ അത്ഭുതം കൂറേണ്ടതില്ല. കാലം അത് തന്നെയാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്.
ഒരു പക്ഷേ മറ്റ് എല്ലാ സീസണുകളിൽ നിന്നും വ്യത്യസ്തമായിരിക്കാം ഒരു പക്ഷേ ഈ ഐപിഎൽ. വൻ മരങ്ങൾ വലിയ ശബ്ദത്തോടെ നിലം പതിക്കുവാൻ തയ്യാറെടുത്ത് നിൽക്കുന്നു. മറു വശത്ത് ആവേശത്തിന്റെ അഗ്നി ഗോളം സൃഷ്ടിച്ച് പുത്തൻ പട തങ്ങളുടെ പടയോട്ടം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. കളിക്കളത്തിലെ വിസ്മയ നിമിഷങ്ങളിൽ കറുത്ത തുണി മറച്ച് ഗാന്ധാരി വേഷം ആടി തീർത്ത ഇന്ത്യൻ ക്രിക്കറ്റിന്റെ തല തൊട്ടപ്പൻമാർക്കിനി നാടകം അവസാനിപ്പിച്ച് വേഷം അഴിച്ചു വയ്ക്കേണ്ടതായി വന്നേക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തികച്ചും ന്യായമായ ഒരു സംശയം മാത്രം ഇത് ഏതെങ്കിലും ഒരു ടീമിനെയൊ വ്യക്തിയെയൊ ലക്ഷ്യം വയ്ക്കുന്ന പ്രസ്ഥാവനയാകുന്നില്ല. മറിച്ച് ഈ അതിവേഗ ക്രിക്കറ്റ് കാലത്തെ അടയാളപ്പെടുത്തുവാനുള്ള ഒരു ഉദാഹരണം മാത്രം. ആരാണ് വിജയ് ശങ്കർ? ഇന്ത്യൻ ടീമിന്റെ ജേഴ്സി അണിയുവാൻ പല ഘട്ടങ്ങളിലും ഭാഗ്യം ലഭിച്ച ക്രിക്കറ്റർ അത് മാത്രം ആകും മറുപടി. എത്ര അവസരങ്ങൾ , അയാൾ എന്താണ് മുഖ്യധാര ക്രിക്കറ്റിൽ ചെയ്തിട്ടുള്ളത്. ഇന്ന് വൺ ഡൗൺ ബാറ്ററായി ഗുജറാത്ത് അയാൾക്ക് വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്നു പക്ഷേ റിസൾട്ട് ഇപ്പോഴും വ്യത്യസ്തമല്ല. കഴിവുള്ള താരങ്ങൾ വെള്ളവും ജ്യൂസുമായി ഇടവേളകളിൽ ഗ്രൗണ്ടിലേക്ക് ഓടിയടുക്കുവാൻ വിധിക്കപ്പെട്ടവരായി ഒതുങ്ങുമ്പോൾ ഇയാളിൽ ടീം സിലക്ടർമാർ കാണുന്ന മേന്മ എന്താണ്. ഉത്തരമില്ലാത്ത ചോദ്യമായി ക്രിക്കറ്റ് ആരാധകർ നെറ്റി ചുളിച്ചേക്കാം . അത് ഒരു വസ്തുത തന്നെയാണ്.
ഇനി മുൻപ് സൂചിപ്പിച്ച കാര്യം വൻ ടീമുകൾ അവരെ നയിക്കുന്ന വലിയ താരങ്ങൾ എല്ലാം ഒന്നിനൊന്നു പിറകെ പരാജയം വഴങ്ങുന്ന കാഴ്ച . കപ്പുയർത്തിയ പാരമ്പര്യം പേറി ആവേശം കൊള്ളുന്ന ദൈവത്തിന്റെ ടീമും തലയുടെ ( തലയ്ക്ക് അടിയേറ്റ അവസ്ഥ ) വിജയം വേണ്ടാത്ത ചെന്നൈയും , എന്നും പരാജയത്തിന്റെ പടുകുഴിയിൽ ഉഴറുന്ന കിങ് കോഹ്ലിയുടെ ബാഗ്ലൂരും എല്ലാം പേപ്പറിൽ വലിയ ടീമായിരുന്നു ഐപിഎൽ പുരം കൊടിയേറുന്നതിന് മുൻപ് വരെ പക്ഷേ എന്താണ് നിലവിൽ അവസ്ഥ.? വമ്പൻ മാർ കളി മറന്ന് പരാജയത്തിന്റെ കാണാ കയങ്ങളിൽ കരയറിയാതെ നീന്തുമ്പോൾ . പിള്ളേർ ഇവിടെ മലർന്നു കിടന്ന് കയത്തിൽ നീരാടുകയാണ്. സഞ്ജുവും, പന്തും, രാഹുലും, ഹാർദ്ദിക്കും, ശ്രേയസും വരെ തങ്ങളുടെ ശേഷി തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
ഇനി എന്താണ് ബാക്കി കഥ. ഐ പി എല്ലിലെ മികവ് കൊണ്ട് ഇവരെല്ലാം ( ഇവർ മാത്രം ) മതി ദേശീയ ടീമിൽ എന്ന് ഞങ്ങൾ ക്രിക്കറ്റ് പ്രേമികൾ ആരും പറയുന്നില്ല. പക്ഷേ വൻ താര നിര കളി മറക്കുമ്പോൾ കഴിവ് തെളിയിക്കുന്ന പുതിയ യുവത്വത്തിന് പരിഗണന നൽകേണ്ടത് ആവിശ്യമല്ലേ. തിലക് വർമ്മ , ഗിൽ , സഞ്ജു, ബദോനി , ഉമ്രാൻ , ബിഷ്ണോയി, അങ്ങനെ എത്ര എത്ര മികവ് തെളിയിച്ച താരങ്ങൾ .
ഇവരിൽ എത്ര പേരുണ്ടാകും പുതിയ ലോക കപ്പ് ടീമിൽ ? ഈ ചിഹ്നം മാത്രമാവും എന്നും ബാക്കി. എന്നത് ഉറപ്പ് അവസരം നൽകാൻ തയ്യാറാകില്ല ആയാലും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തില്ല. ഇതാണ് ഇന്ത്യൻ ക്രിക്കറ്റ് .
പക്ഷേ ഞങ്ങൾ ക്രിക്കറ്റ് ആരാധാകർ വിളിച്ചു പറയുക തന്നെ ചെയ്യും. നീതി ബോധത്തിന്റെ യാതൊരു മേന്മയും തൊട്ടു തീണ്ടാത്ത സിലക്ടർമാരെന്ന വർഗമേ …..നിങ്ങൾ തളർത്തുന്നത് ക്രിക്കറ്റിനെ ജീവശ്വാസം പോലെ നെഞ്ചോട് ചേർക്കുന്ന വലിയ ഒരു സമൂഹത്തെയാണ്.
മാറ്റങ്ങൾ അത് അനിവാര്യം തന്നെയാണ്. പുതിയ നിര വരട്ടെ …. വിപ്ലവം പടരട്ടെ …..
ഇന്ത്യൻ ടീം ജയിക്കട്ടെ ….. ടീവിയിലും ഹോട്ട് സ്റ്റാറിലും പുളകം കൊണ്ട് ആരാധക ലോകം കയ്യടിക്കട്ടെ ഇനിയെങ്കിലും പുതിയ തീപ്പൊരികളെ തീയായി പടരുവാൻ അനുവദിക്കുക ….. വെള്ളമൊഴിച്ചെത്ര കെടുത്തുവാൻ ശ്രമിച്ചാലും അണയാത്ത അഗ്നി ആ യുവ ഹൃദയങ്ങളിൽ ബാക്കിയുണ്ട് എന്ന് ഓർത്താൽ നന്ന്……
വൻ മരങ്ങൾ കടപുഴകിയിട്ടും ഇന്ത്യൻ പ്രീമിയർ ലീഗ് കുലുങ്ങുന്നില്ല. പുതിയ കാലത്തിന്റെ താരങ്ങൾ അതിനെ ശിരസിലേറ്റി കഴിഞ്ഞിരിക്കുന്നു….. ഐ പി എൽ പഴയ ഐപിഎൽ അല്ലായിരിക്കാം പക്ഷേ ഇന്ത്യൻ സിലക്ടർമാർ ആ പഴയ മൂഢ സ്വർഗത്തിലെ വിഡ്ഢികൾ തന്നെയാണ് ……