കൊല്‍ക്കത്ത: ഐപിഎല്ലില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് ജീവന്മരണ പോരാട്ടം. ഹാട്രിക് ജയം ലക്ഷ്യമിടുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. പന്ത്രണ്ടാം പോരിനിറങ്ങുമ്പോള്‍ 11 കളിയില്‍ 10 പോയിന്‍റുമായി രാജസ്ഥാനും കൊല്‍ക്കത്തയും ഒപ്പത്തിനൊപ്പമാണ്.
ശേഷിക്കുന്ന മൂന്ന് കളിയും ജയിച്ചാലെ ഇരു ടീമുകള്‍ക്കും പ്ലേ ഓഫില്‍ എത്താനാവൂ. ഇന്ന് തോല്‍ക്കുന്നവരുടെ ഭാവി പ്രതിസന്ധിയിലാവും. മറ്റ് ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചായിരിക്കും ശേഷിക്കുന്ന സാധ്യത. ഇതൊഴിവാക്കുകയാണ് ഇരുടീമുകളുടേയും ലക്ഷ്യം. സീസണില്‍ ആദ്യ അഞ്ച് കളികളില്‍ നാലിലും ജയിച്ച് തുടങ്ങിയ രാജസ്ഥാന്‍ അവസാനം കളിച്ച ആറ് കളികളില്‍ അഞ്ചിലും തോറ്റ് കിതയ്ക്കുകയാണ്. ബാറ്റിംഗ് ഓര്‍ഡറിലെ അനാവശ്യ മാറ്റങ്ങളും സഞ്ജുവിന്‍റെ തന്ത്രങ്ങളും തോല്‍വിക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്.