ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാന ഓവർ ത്രില്ലറുകൾ ഒത്തുകളിയുടെ ഭാഗമെന്ന സംശയം ഉയരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം ഇത്തരം ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ഏറ്റവും ഒടുവിൽ ശനിയാഴ്ച നടന്ന ലഖ്നൗ – ഗുജറാത്ത് മാച്ചിലെ ഗുജറാത്തിന്റെ വിജയമാണ് സോഷ്യൽ മീഡിയയിൽ ഇത്തരം ചർച്ചകൾ സജീവമാക്കിയത്. തീരെ ചെറിയ ടോട്ടൽ കുറിച്ച ഗുജറാത്തിനെതിരെ കളി അവസാന ഓവർ വരെ നീട്ടിയതാണ് ഇപ്പോൾ ചർച്ചകൾ കൂടുതൽ സജീവമാക്കിയത്.
20 ഓവറിൽ ഗുജറാത്ത് 135 എന്ന താരതമ്യേനെ കുറഞ്ഞ ലക്ഷ്യമാണ് ഉയർത്തിയത്. എന്നാൽ, 6.6 ഓവറിൽ 55 റണ്ണും, 14.3 ഓവറിൽ നൂറും കടന്ന ലഖ്നൗവിന് പക്ഷേ, ഈ ദുർബലമായ ടോട്ടൽ മറികടക്കാൻ സാധിച്ചില്ല. കളി അവസാന ഓവറിലേയ്ക്കു നീട്ടിയ ലഖ്നൗ ഏഴ് റണ്ണിന് തോൽക്കുകയായിരുന്നു. നിക്കോളാസ് പൂരാനും, ക്രുണാൽ പാണ്ഡ്യയും അടക്കമുള്ള കൂറ്റനടിക്കാരുള്ള ടീമാണ് ഇത്തരത്തിൽ അതിദയനീയമായി തോറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതു വരെ ഐപിഎല്ലിൽ നടന്ന 31 മത്സരങ്ങളിൽ എട്ടെണ്ണാണ് അവസാന ഓവറിലേയ്ക്കു നീണ്ടത്. ഈ എട്ടിൽ അഞ്ചും കഴിഞ്ഞ ആഴ്ചകളിലാണ് എന്നതാണ് ഒത്തുകളി സിദ്ധാന്തത്തിലേയ്ക്കു വിരൽ ചൂണ്ടുന്നത്. ആദ്യ മത്സരത്തിന് ശേഷം കളിയുടെ ആവേശം കുറഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി കളികൾ തുടരെ തുടരെ അവസാന ഓവറിലേയ്ക്കു നീണ്ടത്. ഇതാണ് ഗൂഡാലോചന സിദ്ധാന്തം ശക്തമാകാൻ കാരണം.
ഐപിഎല്ലിൽ ആദ്യ മത്സരം മുതൽ ആവേശമുണ്ടായിരുന്ന മത്സരങ്ങൾക്ക് ശേഷം ചില മത്സരങ്ങളിൽ അത്രത്തോളം ആവേശം ജനിക്കാതിരുന്നത് വ്യൂവർഷിപ്പിനെ പോലും ബാധിച്ചിരുന്നു. ഇതേ തുടർന്ന് പൊടുന്നനെ മത്സരങ്ങൾ അവസാന ഓവറുകളിലേയ്ക്കു നീളുകയായിരുന്നു. തുടർച്ചയായി മത്സരങ്ങളുടെ ഫലം അവസാന ഓവറുകളിൽ ത്രില്ലിങായി നിശ്ചയിക്കപ്പെട്ടതോടെയാണ് ഒത്തു കളി സിദ്ധാന്തത്തിന് ജീവൻ വച്ചത്. പണം മാത്രം അടിസ്ഥാനമാക്കി മത്സരങ്ങൾ നിശ്ചയിക്കപ്പെടുന്ന ഐപിഎല്ലിൽ മത്സരത്തിന് ത്രില്ലുണ്ടാകണമെങ്കിൽ അവസാന ഓവർ വരെ കളി നീങ്ങണം.
ഇത് കൂടാതെ മൂന്നു മണിക്കൂർ നീണ്ട മത്സരം പൂർണമായും ടിവിയിൽ സംപ്രേക്ഷണം ചെയ്തെങ്കിൽ മാത്രമേ വ്യൂവർഷിപ്പ് വർദ്ധിപ്പിക്കുന്നതിനും അവസാനം വരെ പരസ്യം സംപ്രേക്ഷണം ചെയ്യുന്നതിനും സാധിക്കൂ. ഇതും ഒത്തുകളി വിവാദത്തെ ശക്തമാക്കുന്നു. ഇതിനിടെയാണ് ഒത്തുകളിയ്ക്കായി വാതുവയ്പ്പുകാർ തന്നെ സമീപിച്ചു എന്ന വിവാദ വെളിപ്പെടുത്തലുമായി സിറാജ് രംഗത്ത് എത്തിയത്. ഇതെല്ലാം ചേർത്തു വായിക്കുമ്പോഴാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ കോടിക്കിലുക്കം സംശയ നിഴലിൽ എത്തുന്നത്.