വാംഖഡേ: അവസാന ഓവറുകളിൽ ആഞ്ഞടിച്ച റൊമാരിയോ ഷേപ്പേർഡ് വഴികാട്ടിയായപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈയ്ക്ക് ആദ്യ വിജയം. ഡൽഹിയ്ക്കായി സ്റ്റബ്‌സും അഭിഷേക് പോറലും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം പക്ഷേ ഫലം കണ്ടില്ല. മൂന്നു തോൽവിയ്്ക്ക് ശേഷമുള്ള നാലാം മത്സരത്തിൽ മുംബൈയ്ക്ക് 29 റൺ വിജയം.
ടോസ് നേടിയ ഡൽഹി മുംബൈയെ ബാറ്റിംങിന് അയക്കുകയായിരുന്നു. രോഹിത് ശർമ്മയും (27 പന്തിൽ49) , ഇഷാൻ കിഷനും (23 പന്തിൽ 42) ചേർന്ന് മികച്ച തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. അരസെഞ്ച്വറിയ്ക്ക് ഒരു റൺ അകലെ അക്‌സർ പട്ടേലിന് വിക്കറ്റ് നൽകിയായിരുന്നു മുംബൈയുടെ വീരനായകന്റെ മടക്കം. പിന്നാലെ ക്രീസിൽ എത്തിയ സൂര്യകുമാർ യാദവ് (0) വന്ന വഴി തന്നെ അതിവേഗം മടങ്ങി. സൂര്യയ്ക്ക് പിന്നാലെ ഇഷാന് കൂട്ടായി എത്തിയ ക്യാപ്റ്റൻ പാണ്ഡ്യ (33 പന്തിൽ 39) മെല്ലെപ്പോക്ക് തുടർന്നതോടെ ടീം സ്‌കോർ ഉയർത്തേണ്ട ഉത്തരവാദിത്വം ഇഷാനായി. ഇഷാനും പത്ത് റൺ കൂടി കൂട്ടിച്ചേർത്ത് തിലക് വർമ്മയും (6) പോയതോടെ കൂട്ടത്തകർച്ചയാണ് വീണ്ടും മുംബൈയ്ക്ക് എന്ന് ആരാധകർ ഉറപ്പിച്ചു. 17 ആം ഓവറിൽ പാണ്ഡ്യ പുറത്താകുമ്പോൾ 181 റൺ മാത്രമാണ് ടീം സ്‌കോർ ബോർഡിൽ ഉണ്ടായിരുന്നത്. കഷ്ടിച്ച് ഇരുനൂറ് കടക്കുമെന്നു പ്രതീക്ഷിച്ചിരുന്നിടത്താണ് വെടിക്കെട്ടിന് തിരികൊളുത്തി ടിം ഡേവിഡും (21 പന്തിൽ 45), അവസാന ഓവറുകളിൽ ആഞ്ഞടിച്ച് റൊമാരിയോ ഷെപ്പേർഡും (10 പന്തിൽ 39) എത്തിയത്. ഷെപ്പേർഡും ടിം ഡേവിഡും നാലു വീതം സിക്‌സറുകളാണ് പറത്തിയ്. ഡൽഹിയ്ക്കായി നോട്രിജും അക്‌സർ പട്ടേലും രണ്ടു വീതവും ഖലീൽ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.
മറുപട ബാറ്റിംങിന് ഇറങ്ങിയ ഡൽഹിയ്ക്ക് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. സ്‌കോർ 22 ൽ നിൽക്കെ പത്ത് റണ്ണുമായി ഡേവിഡ് വാർണർ മടങ്ങി. പിന്നാലെ അഭിഷേക് പോറലും (31 പന്തിൽ 41), പൃഥ്വി ഷായും (40 പന്തിൽ 66) ചേർന്ന് ടീമിനെ നൂറ് കടത്തി. 110 ൽ പൃഥ്വിയും, 144 ൽ അഭിഷേകും പോയതോടെയാണ് മുംബൈ ശ്വാസം വിട്ടത്. പിന്നാലെ പന്തും (1) വീണത് ഡൽഹിയെ ഭയപ്പെടുത്തി. എന്നാൽ, ഒരു വശത്ത് നിന്ന് ആഞ്ഞടിച്ച സ്റ്റബ്‌സ് (25 പന്തിൽ 71) ഏഴു സിക്‌സും മൂന്ന് ഫോറും പറത്തി വിജയപ്രതീക്ഷ നൽകി. 18 ആം ഓവറിന്റെ നാലാം പന്തിൽ അക്‌സർ പട്ടേൽ (8) പുറത്തായതോടെ ഡൽഹി വീണ്ടും വീണു. അവസാന ഓവറിൽ ഒരു പന്ത് മാത്രമാണ് സ്റ്റബ്‌സിന് ബാറ്റ് ചെയ്യാൻ ലഭിച്ചത്. ലളിത് യാദവ് (3), കുശാഗ്ര (0), റിച്ചാർഡ്‌സൺ (2) എന്നിവർ പുറത്തായതോടെ ഡൽഹി തോൽവി സമ്മതിച്ചു. കോട്‌സേ നാലും ബുംറ രണ്ടും ഷെപ്പേർഡ് ഒരു വിക്കറ്റും മുബൈയ്ക്കായി വീഴ്ത്തി.