ടെഹ്റാൻ: ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറെടുക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ദേശീയ സുരക്ഷാ സമിതിക്ക് നിർദ്ദേശം നല്‍കിയതായി റിപ്പോർട്ട്. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ ഖമേനി വിലയിരുത്തിയിരുന്നു. ഇസ്രായേലിന്റെ ആക്രമണം കാരണമുണ്ടായ നാശനഷ്ടങ്ങള്‍ അവഗണിക്കാൻ കഴിയാത്തത്ര പ്രാധാന്യമർഹിക്കുന്നതാണെന്ന നിഗമനത്തില്‍ എത്തിയതിന് ശേഷമാണ് പ്രത്യാക്രമണത്തിന് തയ്യാറെടുക്കാൻ ഖമേനി നിർദ്ദേശം നല്‍കിയിരിക്കുന്നത്.
ടെഹ്‌റാനിലെ മിസൈല്‍ നിർമ്മാണ പ്ലാൻ്റുകളിലും പ്രതിരോധ സംവിധാനങ്ങളിലുമുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ഇറാനിയൻ സൈനിക ഉദ്യോഗസ്ഥർ ഖമേനിയോട് വിശദീകരിച്ചിരുന്നു. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് അവലോകനം ചെയ്തതിന് ശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയത്തുള്ള ഖമേനി തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തതെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. അതേസമയം, ഒക്ടോബർ 5ന് മുമ്പ് ഇസ്രായേലിനെതിരെ പ്രത്യാക്രമണം നടത്താനാണ് ഇറാൻ തയ്യാറെടുക്കുന്നതെന്നും സൂചനയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിർണായകമായ അമേരിക്കൻ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആക്രമണം ആസൂത്രണം ചെയ്യാനാണ് ഇറാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വിവിധ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ചില നിബന്ധനകള്‍ അംഗീകരിക്കാൻ ഇസ്രായേല്‍ തയ്യാറായാല്‍ വെടിനിർത്തലിന് തങ്ങളും തയ്യാറാണെന്ന് ഹിസ്ബുല്ലയുടെ പുതിയ തലവൻ നയിം ഖാസിം വ്യക്തമാക്കി.
ഇസ്രയേലിൻ്റെ സുരക്ഷാ കാബിനറ്റ് യോഗം ചേർന്ന് സാധ്യമായ വെടിനിർത്തല്‍ ചർച്ച ചെയ്യുന്നതിനിടെയാണ് നയിം ഖാസിമിൻ്റെ പ്രസ്താവന പുറത്തുവന്നത്. എന്നാല്‍, കിഴക്കൻ ലെബനൻ നഗരമായ ബാല്‍ബെക്കിനെ ഇസ്രായേല്‍ ആക്രമിക്കുകയും മറ്റൊരു മുതിർന്ന ഹിസ്ബുല്ല കമാൻഡറെ വധിച്ചതായി അറിയിക്കുകയും ചെയ്തു.