ടെഹ്റാൻ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ. ഇസ്രായേൽ ആക്രമണത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും ഇറാന്റെ തിരിച്ചടിയെന്ന് വിദേശകാര്യ മന്ത്രി ഇസ്മയിൽ ബഗായി വ്യക്തമാക്കി. ഇതിന് സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കും. ഫലപ്രദമായ രീതിയിൽ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും ഇസ്രായേലിനെതിരെ തിരിച്ചടിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ചയാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയത്. ഒക്ടോബർ 1ന് ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഏതാണ്ട് 180ഓളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രായേലിനെതിരെ തൊടുത്തുവിട്ടത്. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നാണ് ശനിയാഴ്ച പുലർച്ചെ 2 മണിയോടെ ഇറാന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തിൽ നാല് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
2023 ഒക്ടോബർ 7 മുതൽ ഇറാനിൽ നിന്നും നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണ് വ്യോമാക്രമണമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. ഇറാന്റെ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്നും രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുകയെന്ന കടമ നിറവേറ്റുമെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.