ലെബനൻ: ഇസ്രായേലിന് വീണ്ടും മുന്നറിയിപ്പുമായി ഇറാൻ. കഴിഞ്ഞ ദിവസം നടന്ന മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാൻ ഇസ്രായേല്‍ ശ്രമിച്ചാല്‍ അതിനുള്ള മറുപടി കൂടുതല്‍ ശക്തമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാൻ മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
കൂടുതല്‍ തിരിച്ചടി നല്‍കാൻ ഇസ്രായേല്‍ ഭരണകൂടം തീരുമാനിച്ചില്ലെങ്കില്‍ ഇറാന്റെ നടപടി അവസാനിച്ചെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. യുഎൻ ചാർട്ടറിലെ ആർട്ടിക്കിള്‍ 51 പ്രകാരം സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ഗാസയില്‍ വെടിനിർത്തല്‍ സാധ്യമാക്കാൻ രണ്ട് മാസത്തോളം കാലമാണ് സംയമനം പാലിച്ചത്. ഗാസയിലെയും ലെബനനിലെയും കൂട്ടക്കുരുതിയ്ക്ക് മറുപടിയെന്നോണം ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സെയ്ദ് അബ്ബാസ് അരാഗ്ചി കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കഴിഞ്ഞ ദിവസം ഇസ്രായേലിനെതിരെ ഇറാൻ തൊടുത്ത് വിട്ടത് 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകളാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ക് അമേരിക്കയും രംഗത്തിറങ്ങിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായിരിക്കുകയാണ്. ഹമാസ്, ഹിസ്ബുല്ല നേതാക്കളെ കൊലപ്പെടുത്തിയതിന്റെ മറുപടിയെന്നോണമാണ് ഇസ്രായേലിലേയ്ക്ക് മിസൈലാക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കി കഴിഞ്ഞു.
ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈലാക്രമണം ഫലപ്രദമല്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇസ്രായേല്‍ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. ഇസ്രായേലിനെതിരായ ആക്രമണത്തിന് പിന്നാലെ ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാനും വെടിവെച്ച് വീഴ്ത്താനും പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു.