ഐറിഷ് മണ്ണിൽ സൂര്യ പുത്രൻ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു ; പ്രതിഭ ഉണ്ടായിരുന്നിട്ടും പ്രകീർത്തിക്കപ്പെടാതെ പോയവൻ ; കർണനും സഞ്ജുവും ചേർത്ത് വായിക്കപ്പെടുമ്പോൾ

സ്പോർട്സ് ഡെസ്ക്ക്: കേരളത്തിൽ ചൊവ്വാഴ്ച മഴ തിമിർത്ത് പെയ്യുമ്പോഴും മലയാളി മനസ് സൂര്യ താപനമേറ്റ് ചുട്ട് പൊള്ളുകയായിരുന്നു. ശൈത്യകാല മരവിപ്പുകൾക്കിടയിലും അയർലന്റിന്റെ മണ്ണിൽ സൂര്യൻ നിറഞ്ഞ പ്രകാശത്തോടെ ഉദിച്ചുയരുകയായിരുന്നു. അതെ സഞ്ജു സാംസണിലെ സൺ കേവലമൊരു പേരിൽ മാത്രമൊതുക്കാവുന്ന വാക്കാകുന്നില്ല. മറിച്ച് ഉയിർത്തെഴുന്നേൽക്കപ്പെടേണ്ടുന്ന ആശാ ഭരിതമായ പ്രതീക്ഷാ കാലത്ത് പ്രതിഭ കാട്ടി ഉദിച്ച് പൊങ്ങുന്ന തീക്ഷ്ണ ഭാവമുള്ള സൂര്യൻ തന്നെയാണ്. വിമർശക നാവുകളെ ചുട്ട് പൊള്ളിച്ചു കൊണ്ട് ആ സൂര്യൻ ഐറിഷ് മണ്ണിൽ യഥാകാലത്ത് പ്രശോഭിതമായി. സ്ഥിരതയില്ലാത്തവനെന്ന സ്ഥിര വാചകങ്ങൾക്കു മുന്നിൽ അവൻ സുസ്ഥിരമല്ലെങ്കിലും സുശക്തമായ മറുപടി നൽകി.

Advertisements

ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ സഞ്ജു സാംസണ്‍ ടീമില്‍ ഉണ്ടെന്ന് പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേഡിയത്തില്‍ ഉയര്‍ന്ന് കേട്ട ആരവം , അത് മാത്രം മതിയായിരുന്നു ആ സൂര്യോദയത്തിന്റെ ശോഭയെ അളക്കുവാൻ . ടീമിൽ 3 മാറ്റങ്ങൾ ഉണ്ടായിരുന്നിട്ടും സഞ്ജുവിന്റെ പേരുയർന്ന് കേൾക്കുമ്പോൾ മാത്രമായിരുന്നു ഗാലറി ഉണർന്നത്. ആദ്യ പന്തുമുതൽ ഉയർന്ന ആഘോഷങ്ങളും ആർപ്പുവിളിയും 16-ാം ഓവറിലെ രണ്ടാം പന്തിലാണ് അവസാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന സഞ്ജു സാംസണ്‍ ഇന്നിങ്സ് ഡബ്ലിനില്‍ പിറന്നു. വെറുതെ പിറന്നതല്ല. തന്റെ അവസാന ചാൻസിനെ ഒരു ചാൻസ് എടുക്കുവാൻ തയ്യാറാകാതെ അയാൾ ശാന്തമായി കെട്ടിപ്പടുത്തു എന്ന് പറയുകയാവും ശരി.
മെല്ലെ തുടങ്ങി പിന്നീട് കത്തിക്കയറിയ സഞ്ജു തന്റെ ആദ്യ അര സെഞ്ചുറിയും നേടി. നീലക്കുപ്പായത്തില്‍ 42 പന്തില്‍ 77 റണ്‍സ്, ഒന്‍പത് ഫോറും നാലു സിക്സറുകളും.

രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ ഐപിഎല്‍ സീസണില്‍ കാണിച്ച പക്വത തന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ വീണ്ടും പുറത്തെടുക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെയായിരുന്നു സഞ്ജുവിന്റെ തുടക്കം. കരുതലോടെയാണ് ഓരോ പന്തിനേയും നേരിട്ടിത്. പന്ത് കണ്ടാല്‍ അടിച്ച്‌ പറത്താന്‍ തോന്നുമെന്ന സ്വന്തം വാചകം മറന്നുള്ള ബാറ്റിങ് പ്രകടനം.

മറുവശത്ത് ദീപക് ഹൂഡ വെടിക്കെട്ട് പ്രകടനം നടത്തുമ്പോഴും സഞ്ജു ആവേശം കാണിച്ചില്ല. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് മികച്ച പിന്തുണ നല്‍കി. പക്ഷെ കിട്ടിയ അവസരങ്ങളിലെല്ലാം സഞ്ജു ബൗണ്ടറികള്‍ കണ്ടെത്തി. അയര്‍ലന്‍ഡിന്റെ ഫീല്‍ഡിങ് തന്ത്രങ്ങളെ ക്ലാസുകൊണ്ട് മറികടന്നു വലം കയ്യന്‍ ബാറ്റര്‍. 24 പന്തില്‍ നിന്ന് കേവലം 28 റണ്‍സ് മാത്രമായിരുന്നു എട്ടാം ഓവര്‍ പിന്നിടുമ്പോള്‍ സഞ്ജുവിന്റെ സമ്പാദ്യം. എന്നാല്‍ പിന്നീട് സഞ്ജു സ്വന്തം ശൈലിയില്‍ ബാറ്റ് വീശി തുടങ്ങി. സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള താരത്തിന്റെ മികവായിരുന്നു പിന്നീട് കണ്ടത്. ഗാരത് ഡെലനിയുടെ ഓവറില്‍ ഫോറും സിക്സും നേടിയായിരുന്നു തുടക്കം.

31-ാം പന്തില്‍ ബൗണ്ടറിയുടെ അകമ്പടിയോടെ ഇന്ത്യയ്ക്കായി ആദ്യ അര്‍ധ സെഞ്ചുറി സഞ്ജു നേടി. അയര്‍ലന്‍ഡ് ബോളര്‍മാരെല്ലാം സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഡെലനിയുടെ നാലാം ഓവറിലെ അവസാന രണ്ട് പന്തുകളും സ‍ഞ്ജു അതിര്‍ത്തി കടത്തി. മാര്‍ക്ക് അഡൈറിന്റെ പന്തില്‍ ബൗള്‍ഡായ നിമിഷം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായി ആയി മാറി ആ ഇന്നിങ്സ് .

നേരിട്ട അവസാന 18 പന്തുകളില്‍ 49 റണ്‍സാണ് സഞ്ജു നേടിയത്. ട്വന്റി 20 ലോകകപ്പ് ടീമിലെത്താന്‍ താന്‍ യോഗ്യനാണെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കുകയായിരുന്നു മലയാളി താരം. മധ്യ ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാന്‍ സാധിക്കുന്നില്ല എന്ന ടീമിന്റെ പോരായ്മയ്ക്ക് ഉത്തരമാണ് താനെന്ന് സഞ്ജു സാംസൺ വിളിച്ചു പറയുകയാണ്. പക്ഷേ യാഥാർത്ഥ്യം ഇവിടെ മറ്റൊന്നാണ്.

ടീമിൽ ഉൾപ്പെടുത്താതെയിരിക്കുക. ഇനി ടീമിൽ ഇടം ലഭിച്ചാലോ , അവസരങ്ങൾ നൽകാതെയിരിക്കുക. കുറ്റപ്പെടുത്തലുകൾ കൊണ്ട് മാനസികമായി ബുദ്ധിമുട്ടിക്കുക. നിരന്തരമായ ഈ പീഡനങ്ങളെ എങ്ങനെയാണ് ഒരാൾക്ക് ശക്തമായി മറികടക്കുവാൻ കഴിയുക. കിട്ടുന്ന മിതമായ വേദികളെ സമ്പുഷ്ടമാക്കുവാൻ അയാൾക്ക് കഴിയണമെങ്കിൽ അയാളുടെ ഉള്ളിൽ ഒരു ഫയർ ഉണ്ടെന്നത് തീർച്ച.

കുന്തീപുത്രനായിരുന്നിട്ടും സഹോദരങ്ങൾ അനുഭവിച്ച ജീവിതം നേടാൻ ഭാഗ്യം സിദ്ധിക്കാതിരുന്ന കർണന്റെ കഥയുണ്ട്. അർജുനനേക്കാൾ യോദ്ധാവായിരുന്നിട്ടും അർഹിക്കപ്പെട്ട സ്ഥാനം ലഭിക്കാതിരുന്ന സൂര്യപുത്രൻ . കളിയാക്കലുകളും അവഞ്ജകളും അതിജീവിച്ച് തന്റെ പ്രതിഭ കാട്ടിത്തന്ന ധീരനായ കർണൻ. തോറ്റു പോയിട്ടും തോൽവിയിലും വിജയത്തിന്റെ മാസ്മരിക ഭാവത്തെ എഴുതിച്ചേർത്തവൻ. പരീക്ഷണ ഘട്ടങ്ങളിൽ സൂര്യശോഭയോടെ ഉയിർത്തെഴുന്നേറ്റവൻ. കുന്തീപുത്രൻമാരായ പാണ്ഡവന്മാർക്കൊപ്പം രാജ്യവും ആദരവും പദവികളും ലഭിക്കേണ്ടിയിരുന്നവൻ.

പക്ഷേ സൂതപുത്രനെന്ന കളിയാക്കലുകളായിരുന്നു അവന് ലഭിച്ച സമ്മാനം. മഹാഭാരതത്തിലെ ആ ഇതിഹാസ നായകനിൽ നിന്ന് വ്യത്യസ്തനല്ല സഞ്ജുവും. പ്രതിഭ ഉണ്ടായിരുന്നിട്ടും പ്രകീർത്തിക്കപ്പെടാതെ പോകുന്നവൻ, സ്ഥിരതയില്ല എന്ന വിമർശന ശരമുയർത്തി പരിഹാസമേറ്റ് വാങ്ങേണ്ടി വന്നവൻ , കേരളത്തിൽ നിന്നുള്ള താരമായതിനാൽ മാത്രം അവഗണിക്കപ്പെടുന്നവൻ. ഇന്ത്യൻ ടീമിൽ നിലവിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ മാർക്കൊപ്പമോ അവർക്ക് മുകളിലോ പ്രതിഭ ഉണ്ടായിരുന്നിട്ടും ടീമിൽ ഇടം ലഭിക്കാതെ പോയവൻ. അതെ തീർച്ചയാണ് സഞ്ജു സാം’സൺ’ അവൻ കർണനെപ്പോലെ തന്നെ സൂര്യപുത്രൻ തന്നെയാണ്. തണുത്തു വിറങ്ങലിച്ച , പ്രതീക്ഷകൾ അറ്റ് , മനസ്സ് മരവിച്ച കെട്ട കാലത്തും പ്രതീക്ഷയുടെ സൂര്യ ശോഭ പകർന്ന് നൽകുന്ന സൂര്യ പുത്രൻ …..

പരാജയപ്പെട്ടു എന്ന് ചിന്തിക്കുന്നിടത്ത് നിന്ന് അവൻ ഇനിയും ഉദിച്ചുയരുക തന്നെ ചെയ്യും വിമർശന ശരങ്ങൾ എത്ര തന്നെ തനിക്ക് നേരെ പാഞ്ഞടുത്താലും കവച കുണ്ഡലത്താൽ അവൻ പ്രതിരോധിക്കും …

അതേ സഞ്ജുവും കർണനും വ്യത്യസ്തരല്ല …..

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.