പാരീസ് : വേഗത്തിന്റെ രാജാവിനെ എന്ത് ചെല്ലപ്പേര് വിളിക്കും. ലോകത്തിന് ഒരു മറുപടിയേ ഉള്ളൂ. മിന്നല്‍ ബോള്‍ട്ട്. നൂറു മീറ്ററില്‍ ലോകം കണ്ട ഏറ്റവും വലിയ ഓട്ടക്കാരന്.ഉസൈന്‍ ബോള്‍ട്ട്. മനുഷ്യ സാധ്യമല്ല എന്ന് ലോകം പറഞ്ഞ സമയത്തെ 9.58 സെക്കന്റു കൊണ്ട് കടങ്കഥയാക്കിയ വേഗ വിസ്മയം. കായിക ലോകത്തെ അത്ഭുത സമയമാണ് ഇന്ന് 9.58 സെക്കന്റ്. ഈ സമയത്തിനപ്പുറം ഇനിയൊരു മനുഷ്യന് 100 മീറ്റര്‍ ഓടാനാവുമോ? പാരീസ് ഒളിംപിക്സിലും ഈ ചോദ്യമാണ് ഏറ്റവും കൗതുകം നിറഞ്ഞത്. ബോള്‍ട്ട് വീഴുമോ, വാഴുമോ? നൂറു മീറ്ററിന്റെ ഓട്ട മല്‍സരം ലോകത്തിന്റെ കണ്ണില്‍ ഇപ്പോള്‍ ഇങ്ങനെയാണ്. അസാധ്യമായത് സാധ്യമാക്കുന്നതാണ് കായിക ലോകത്തെ റെക്കോര്‍ഡുകള്‍. 10 സെക്കന്റിനു താഴെ ആര്‍ക്കും 100 മീറ്റര്‍ ഓടാന്‍ കഴിയില്ല എന്ന് ലോകം കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ, 6 പതിറ്റാണ്ട് മുന്‍പ് ജിം ഹിന്‍സ് അത് തിരുത്തി. 9.95 സെക്കന്റ്. കാല് നൂറ്റാണ്ടിനു ശേഷം കാല്വിന് സ്മിത്തിലൂടെ വീണ്ടും പുതിയ സമയം. കായിക ലോകത്ത് പിന്നീടുണ്ടായ വിസ്മയമാണ് കാനഡയുടെ ബെന്‍ ജോണ്സണ്. അതെ വര്‍ഷം തന്നെ മറ്റൊരാള്‍ ആ റെക്കോര്‍ഡ് തിരുത്തി.
കാള്‍ ലൂയിസ്. കാളും ബെന്നും തമ്മിലുള്ള തീപ്പാറും പോരാട്ടത്തിനും പിന്നീട് ലോകം സാക്ഷ്യം വഹിച്ചു. ഒടുവില്‍ സോള്‍ ഒളിംപിക്സില്‍ ബെന്‍ ജോണ്സണ് ഒരു അത്ഭുത സമയം കുറിച്ചൂ. 9.79 സെക്കന്റ്. എന്നാല്‍, ആ നേട്ടത്തിനു മേലെ ഉത്തേജക മരുന്നിന്റെ കരിനിഴല്‍ വീണു. ബെന്‍ ജോണ്സണ് സ്വര്‍ണം മടക്കി. കാള്‍ ലൂയിസ് പുതിയ ജേതാവായി. പിന്നെ കാള്‍ ലൂയിസിന്റെ യുഗം ആയിരുന്നു. വാഴ്ത്തുപാട്ടുകള്‍. മൂന്നു തവണ അയാള്‍ റെക്കോര്‍ഡ് തിരുത്തി. ലിറോയ് ബുറെല്‍, ഡോനാവാന് ബെയ്ലി, മോറിസ് ഗ്രീന്‍, മോണ്ടഗോമേറി, അസഫ പവല്‍….റെക്കോര്‍ഡുകാര്‍ പിന്നെയും ഒരുപാട് വന്നു. എന്നാല്‍, ആ വേഗങ്ങളെയെല്ലാം കുടഞ്ഞെറിഞ്ഞു കൊണ്ടാണ് ഒടുവില്‍ അയാള്‍ വന്നത്. ക്രിക്കറ്റ് താരമാവാന്‍ കൊതിച്ച ഉസൈന്‍ ബോള്‍ട്ട്. 9.7 സെക്കന്‍ഡില്‍ താഴെ ആദ്യമായി ഒരു മനുഷ്യന് 100 മീറ്റര്‍ ദൂരം ഓടിയെത്തി. 2008ല്‍ രണ്ടു തവണയാണ് ഈ ജമൈക്കക്കാരന് റെക്കോര്‍ഡ് കുറിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് സ്വന്തം റെക്കോര്‍ഡ് അയാള്‍ തന്നെ തിരുത്തി 9.58 സെക്കന്റ്. 200 മീറ്റര്‍ ലോക റെക്കോര്‍ഡും ഇന്ന് ബോള്‍ട്ടിന്റെ പേരിലാണ്. സ്പ്രിന്റില്‍ 8 ഒളിംപിക് സ്വര്‍ണ മെഡലുകളും 11 ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണ മെഡലുകളും നേടുന്ന ആദ്യ കായിക താരമാണ് ഉസൈന്‍ ബോള്‍ട്ട്. പുതിയ വേഗത്തിലൂടെ ബോള്‍ട്ടിന്റെ ബോള്‍ട്ടിളക്കാന്‍ ആഗ്രഹിച്ച് നോവ ലയില്സും കിഷന് തോംപ്സനെയും പോലുള്ള താരങ്ങള്‍ പാരീസിലെത്തുന്നുണ്ട്. തോംസന്റെ മികച്ച സമയം-9.77. നോവ ലയില്സ്- 9.81. കണക്കുകളില്‍ ബോള്‍ട്ട് അതിദൂരം മുന്നിലാണ്. എങ്കിലും ഈ സമയങ്ങള്‍ തിരുത്തി പുതിയ നക്ഷത്രങ്ങളായി ഇവര്‍ ഉദിച്ചുയരുമോ.? പാരീസ് അതിനു മറുപടി തരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.