സ്പോർട്സ് ഡെസ്ക്ക് : കരുത്തരായ മുംബൈ സിറ്റിയെ സമനിലയില്‍ തളച്ച് നിര്‍ണായകമായ ഒരു പോയിന്റ് കരസ്ഥമാക്കി ഒഡീഷ എഫ്സി. കലിംഗ സ്റ്റേഡിയത്തില്‍ വെച്ചു നടന്ന മത്സരത്തില്‍ രണ്ടു ഗോള്‍ വീതമടിച്ചു ഇരു ടീമുകളും പിരിയുകയായിരുന്നു.ഒഡീഷക്ക് വേണ്ടി ജെറി, റോയ് കൃഷ്ണ എന്നിവര്‍ വല കുലുക്കിയപ്പോള്‍ ഗ്രിഫിത്സ്, പെരേര ഡിയാസ് എന്നിവര്‍ മുംബൈയുടെ ഗോളുകള്‍ കണ്ടെത്തി. ഒഡീഷ മത്സരം കൈക്കലാക്കുമെന്ന് തോന്നിയ ഘട്ടത്തില്‍ നിന്നും, മുഴുവൻ സമയത്തിനു മിനിറ്റുകള്‍ മാത്രം ശേഷിക്കേ ഡിയാസ് മുംബൈയുടെ രക്ഷക വേഷം അണിയുകയായിരുന്നു. നേരത്തെ ലീഗിലെ തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ ഇരു ടീമുകളും ജയത്തോടെ ആയിരുന്നു തുടങ്ങിയത്.
സ്വന്തം തട്ടകത്തില്‍ ഒഡീഷക്ക് തന്നെ ആയിരുന്നു തുടക്കം മുതല്‍ മുൻതൂക്കം. മുംബൈ പ്രതിരോധത്തിന് ഇവരെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ ആയി. ക്രോസ് ബോക്സിനുള്ളില്‍ വെച്ച് തടുത്തു. ഡീഗോ മൗറീസിയോയുടെ നീക്കം കോര്‍ണര്‍ വഴങ്ങി തടുത്തു. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ കീപ്പറുടെ വമ്ബൻ പിഴവില്‍ നിന്നും മുംബൈ ലീഡ് വഴങ്ങി. ബോക്സിനുള്ളില്‍ പന്ത് കൈയ്യിലൊതുക്കാൻ നവാസിന് സാധിക്കാതെ വന്നപ്പോള്‍ ഇടപെട്ട ജെറി അനായാസം വല കുലുക്കി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ മടക്കി കൊണ്ട് മുംബൈ മത്സരത്തിലേക്ക് തിരിച്ചു വന്നു. 47 ആം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെ കോര്‍ണറില്‍ മികച്ചൊരു ഹെഡര്‍ ഉതിര്‍ത്ത് ഗ്രിഫിത്സ് ആണ് വല കുലുക്കിയത്. പിന്നീട് ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെ ബോസ്‌കിനുള്ളില്‍ നിന്നുള്ള തകര്‍പ്പൻ ഷോട്ട് കീപ്പര്‍ തട്ടിയകറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫ്രീകിക്കില്‍ നിന്നും തിരി തൊടുത്ത ഹെഡര്‍ ഗോള്‍ ലൈനിനെ സ്പര്‍ശിച്ച് കടന്ന് പോയെങ്കിലും വലയില്‍ എത്തിക്കാൻ മുംബൈ താരങ്ങള്‍ക്കായില്ല. മറ്റൊരു ഫ്രീകിക്കില്‍ നിന്നും ആദ്യം ഒരു ഹെഡര്‍ ശ്രമവും പിറകെ ചാങ്തേയുടെ ഷോട്ടും തടുത്ത് അമരീന്ദര്‍ ടീമിന്റെ രക്ഷകനായി. 76ആം മിനിറ്റില്‍ റോയ് കൃഷ്ണയുടെ പെനല്‍റ്റിയിലൂടെ ഒഡീഷ വീണ്ടും ലീഡ് എടുത്തു. ജാഹുവിന്റെ പാസിലേക്ക് ഓടിയടുത്ത താരത്തെ കീപ്പര്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്ക് എടുത്ത താരത്തിന് പിഴച്ചില്ല. പിന്നീട് സമനില ഗോളിനായി മുംബൈ കിണഞ്ഞു ശ്രമിച്ചു. ഒടുവില്‍ 88ആം മിനിറ്റില്‍ വിക്രം പ്രതാപിന്റെ ഒരു ലോകോത്തര ക്രോസ് ബോസ്‌കിനുള്ളില്‍ നിന്നും പെരേര ഡിയാസ് ഹെഡറിലൂടെ വലയില്‍ എത്തിച്ചപ്പോള്‍ മുംബൈക്ക് ആശ്വാസമായി. കരുത്തരായ മുംബൈക്കെതിരെ മികച്ച പ്രകടനം നടത്താൻ സാധിച്ചത് ഒഡീഷക്ക് വലിയ ആത്മവിശ്വാസം നല്‍കും.