കൊൽക്കത്ത : കൊൽക്കത്തയിൽ തേരോട്ടം നടത്തിയ കേരള ബ്ളാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തേയ്ക്ക്. ഈസ്റ്റ് ബംഗാളിനെ അവരുടെ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ളാസ്റ്റേഴ്സ് തകർത്തെറിഞ്ഞത്.32 -ാം മിനിറ്റിൽ റൈറ്റ് വിങ്ങർ ഡെയ്സൂക്ക് സകായ് ആണ് ബ്ളാസ്റ്റേഴ്സിനായി ആദ്യം വല കുലുക്കിയത്. ഇടവേള കഴിഞ്ഞ് ഈസ്റ്റ് ബംഗാൾ ആക്രമണം കടുപ്പിച്ചതോടെ കേരള ഗോൾ മുഖം ആടിയുലഞ്ഞു. പലവട്ടം ഗോളി സച്ചിൻ സുരേഷും, പ്രതിരോധ താരങ്ങളും ബ്ലാസ്റ്റേഴ്സിൻ്റെ രക്ഷകരായി. ഈസ്റ്റ് ബംഗാളിന് അനുകൂലമായ പെനാൽറ്റികൾ തുടരെ സേവ് ചെയ്ത് മലയാളി താരം സച്ചിൻ സുരേഷ് മിന്നും താരമായി. ക്ലീറ്റണ്‍ സിൽവയുടെ ഷോട്ടുകളാണ് സച്ചിൻ തടുത്തത്. 88 -ാം മിനിറ്റിൽ ദിമിത്രി ഡയമെൻ്റക്കോസ് ബ്ലാസ്റ്റേഴ്സിൻ്റ രണ്ടാം ഗോൾ നേടി. ഗോൾ നേടിയ സന്തോഷത്തിൽ ജേഴ്സി ഊരിയ താരത്തിന് രണ്ടാം മഞ്ഞക്കാർഡ് കിട്ടി പുറത്ത് പോകേണ്ടി വന്നതോടെ കേരളം പത്ത് പേരായി ചുരുങ്ങി. ഏഴ് മിനിറ്റിന്റെ അധിക സമയത്തിൻ്റെ അവസാനം കിട്ടിയ പെനാൽറ്റി ക്ലീറ്റണ്‍ സിൽവ ഗോളാക്കിയതോടെ റഫറി ഫൈനൽ വിസിലൂതി. ബ്ളാസ്റ്റേഴ്സ് ജയത്തിന് ചുക്കാൻ പിടിച്ച മലയാളി ഗോളി സച്ചിൻ സുരേഷാണ് കളിയിലെ താരം.