കൊച്ചി : ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ആവേശ വിജയത്തുടക്കം. ചിര വൈരികളായ ബംഗളൂരു എഫ് സിയെ തകർത്ത് വിട്ടത് ഒന്നിനെതിരെ രണ്ട് ഗോളിന്. ഒൻപതാം സീസണിലെ പ്ളേ ഓഫില്‍ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വീണ കണ്ണീരിന് കാലം കാത്ത് വെച്ച കാവ്യ നീതി പോലെയായി ബ്ലാസ്റ്റേഴ്സിന്റെ വിജയം. പ്രതിരോധ താരത്തിൻ്റെ സെൽഫ് ഗോളിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടിയതെങ്കിൽ, രണ്ടാം ഗോൾ ബംഗളൂരു ഗോളിയുടെ പിഴവിൽ നിന്നാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഗോൾ നേടിയത്.
ബ്ളാസ്റ്റേഴ്സ് പ്രതിരോധ പിഴവിൽ നിന്ന് എൺപത്തൊമ്പതാം മിനിറ്റിൽ ബംഗളൂരു ഒരു ഗോൾ മടക്കി. കനത്ത മഴയിൽ തുടങ്ങിയ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു മുൻതൂക്കം. മികച്ച ആക്രമണങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല. ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ ബംഗളൂരുവും കേരള ഗോൾ മുഖത്ത് പരിഭ്രാന്തി പരത്തി. ഇടവേളയ്ക്ക് ശേഷം ഉണർന്ന് കളിച്ച ബംഗളൂരു എഫ് സി മികച്ച മുന്നേറ്റങ്ങൾ നടത്തി പത്താം സീസണിലെ ആദ്യ മത്സരം അവിസ്മരണീയമാക്കി.