ബംഗളൂരു: സ്വന്തം മൈതാനത്ത് ആദ്യം ബാറ്റ് ചെയ്ത് 200 റണ്ണടിക്കുക. മികച്ച ബൗളിങ്ങിലൂടെ എതിരാളികളുടെ നാല് വിക്കറ്റ് നൂറു കടക്കും മുൻപ് പിഴുതെടുക്കുക. എന്നിട്ടും ആ കളി തോൽക്കണമെങ്കിൽ ആ ടീമിന്റെ പേര് ബംഗളൂരുവെന്നായിരിക്കണം. കെജിഎഫ് ടീമിന്റെ ആക്രമണത്തിനു മേൽ നിക്കോളാസ് പൂരന്റെ പ്രത്യാക്രമണം എത്തിയതോടെ അവസാന ഓവറിൽ ഒരൊറ്റ വിക്കറ്റിന്റെ വിജയവുമായി ലഖ്‌നൗ.
സ്‌കോർ
ബംഗളൂരു – 212 -2
ലഖ്‌നൗ – 213 – 9
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിന് വേണ്ടി വിരാട് കോഹ്ലിയും ഡുപ്ലിസും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 11 ആം ഓവറിൽ കോഹ്ലി പുറത്തായപ്പോൾ നൂറിന് അടുത്ത സ്‌കോർ ബംഗളൂരു സ്വന്തമാക്കിയിരുന്നു. 44 പന്തിൽ നാലു വീതം ഫോറും സിക്‌സും പറത്തിയാണ് കോഹ്ലി 61 റണ്ണടിച്ചത്. ഇന്ത്യൻ പ്രീമിയർ ലിഗിലെ ഈ സീസണിൽ രണ്ടാമത്തെ അര സെഞ്ച്വറി സ്വന്തമാക്കിയത്. അമിത് മിശ്രയുടെ പന്തിൽ സ്റ്റോണിസ് ബൗണ്ടറി ലൈനിൽ മികച്ച ക്യാച്ചെടുത്താണ് കോഹ്ലിയെ പുറത്താക്കിയത്. കോഹ്ലിയ്‌ക്കൊപ്പം ഓപ്പൺ ചെയ്യാനിറങ്ങിയ ഡുപ്ലിസി 46 പന്തിൽ അഞ്ചു വീതം സിക്‌സും ഫോറും പറത്തി 79 റണ്ണടിച്ചു കൂട്ടി പുറത്താകാതെ നിന്നു. അവസാന ഓവറിൽ വുഡിന്റെ പന്തിൽ ക്ലീൻ ബൗൾഡായി പുറത്താകും മുൻപ് 29 പന്തിൽ 59 റണ്ണടിച്ചു കൂട്ടിയ ഗ്ലെൻ മാക്‌സ് വെൽ ആറു സിക്‌സും മൂന്നു ഫോറുമാണ് അടിച്ചെടുത്തത്. ഒരു പന്ത് മാത്രം കളിച്ച് ഒരു റണ്ണെടുത്ത കാർത്തിക് പുറത്താകാതെ നിന്നു. ലഖ്‌നൗ ബൗളർമാരിൽ നാല് ഓവർ എറിഞ്ഞ ആവേശ് ഖാൻ 53 റണ്ണാണ് വഴങ്ങിയത്. ഒരു മെയ്ഡൻ എറിഞ്ഞിട്ടും വുഡ് നാല് ഓവറിൽ 32 റൺ വഴങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിനിറങ്ങിയ ലഖ്‌നൗവിന് ആദ്യം തന്നെ വിക്കറ്റ് നഷ്ടമായി. കൂറ്റനടിക്കാൻ മെയേഴ്‌സ് റണ്ണെടുക്കാതെ മടങ്ങി. ഒരു വശത്ത് പിടിച്ചു നിന്നു ടെസ്റ്റ് കളിച്ച കെഎൽ രാഹുൽ ബംഗളൂരുവിന് പ്രതീക്ഷ നൽകി. എന്നാൽ, ദീപക് ഹൂഡയും (9), ക്രുണാൽ പാണ്ഡ്യയും(0) വന്ന വഴി തന്നെ മടങ്ങിയതോടെ ലഖ്‌നൗ ഒന്ന് വിറച്ചു. ഇതിനിടെ എത്തിയ സ്‌റ്റോണിസ് ഒരു വശത്ത് അടി തുടർന്നപ്പോഴും രാഹുൽ പതിഞ്ഞ താളത്തിലായിരുന്നു. 23 ന് മൂന്ന് എന്ന നിലയിൽ തകർന്ന് ലഖ്‌നൗവിനെ 30 പന്തിൽ അഞ്ചു സിക്‌സും ആറു ഫോറും അടിച്ച് 65 റണ്ണടിച്ച സ്‌റ്റോണിസ് മുന്നോട്ട് കൊണ്ടു പോകുകയായിരുന്നു. ഇതിനിടെ ശർമ്മയുടെ പന്തിൽ ഷഹബാസ് അഹമ്മദ് പിടിച്ച് സ്റ്റോണിസ് പുറത്തായി. 99 ന് നാല് എന്ന നിലയിൽ ലഖ്‌നൗ പ്രതിസന്ധിയിലായി. ഈ സമയത്താണ് ക്രീസിലേയ്ക്ക് നിക്കോളാസ് പൂരാൻ എത്തുന്നത്.
എന്നാൽ, മറു വശത്ത് തട്ടിയും കൊട്ടിയും നിന്ന രാഹുലിൽ അപ്പോഴും ബംഗളൂരുവിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, 20 പന്തിൽ 18 റണ്ണെടുത്ത രാഹുലിനെ കോഹ്ലിയുടെ കയ്യിൽ മുഹമ്മദ് സിറാജ് എത്തിയച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ആഹ്‌ളാദിച്ചത് ലഖ്‌നൗ ആരാധകരാണ്. പിന്നാലെ നടന്നത് വെടിക്കെട്ട് ചരിത്രമായിരുന്നു. 10.4 ഓവറിൽ 99 ൽ നിന്ന ലഖ്‌നൗ സ്‌കോർ 16.5 ഓവറിൽ പൂരാൻ പുറത്താകുമ്പോൾ 189 ൽ എത്തിച്ചിരുന്നു. 19 പന്തിൽ ഏഴു സിക്‌സും നാലു ഫോറും പറത്തി 62 റണ്ണടിച്ച പൂരാൻ 15 പന്തിലാണ് അര സെഞ്ച്വറി കണ്ടെത്തിയത്. പൂരാനൊപ്പം 18 പന്തിൽ 22 റണ്ണടിച്ച ആയുഷ് ബദോനിയും മികച്ച നിലയിൽ പോരാടി.
പൂരാൻ പുറത്തായതിനു പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബദോനി കത്തിക്കയറി. ഇതിനിടെ അപ്രതീക്ഷിതമായി വെയിൻ പാർണലിന്റെ പന്തിൽ ഹിറ്റ് വിക്കറ്റായി ബദോനി മടങ്ങി. ഇതോടെ ഞെട്ടിയത് ലഖ്‌നൗ ആരാധകരാണ്. പാർണലിന്റെ പന്തിനെ പിന്നിലേയ്ക്ക് സിക്‌സ് പറത്തിയ ബദോനി, ഒന്ന് കറങ്ങിത്തിരിഞ്ഞപ്പോൾ ബാറ്റ് വിക്കറ്റിൽ തട്ടുകയായിരുന്നു. 24 പന്തിൽ 30 റണ്ണാണ് ബദോനി നേടിയത്. അവസാന ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്നത് അഞ്ചു റണ്ണായിരുന്നു.
കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ആർസിബിയ്ക്കു സർക്കിളിന് പുറത്ത് നാല് ഫീൽഡർമാരെയാണ് നിർത്താനായതും. രണ്ടാം പന്തിൽ വുഡിനെ പുറത്താക്കിയ ഹർഷൽ പട്ടേൽ പ്രതീക്ഷകൾ സജീവമാക്കി. എന്നാൽ, തട്ടിയിട്ട പന്തിൽ രണ്ടോടിയെടുത്ത ബിഷ്‌ണോയി വീണ്ടും ആർസിബിയെ സമ്മർദത്തിലാക്കി. അവസാന രണ്ടു ബോളിൽ വേണ്ടിയിരുന്നത് ഒറ്റ റണ്ണായിരുന്നു. അഞ്ചാം പന്തിൽ ഉനദ്കട്ടിനെ വീഴ്ത്തിയ ഹർഷൽപട്ടേൽ വീണ്ടും പ്രതീക്ഷ നൽകി. ഡുപ്ലിസിനായിരുന്നു ക്യാച്ച്. അവസാന പന്ത് ബാറ്റിൽ കൊണ്ടില്ലെങ്കിലും ദിനേശ് കാർത്തിക്ക് വിക്കറ്റിന് പിന്നിൽ പന്ത് മിസ് ചെയ്തതോടെ ഒരൊറ്റ വിക്കറ്റിന്റെ വിജയവുമായി ലഖ്‌നൗ മിന്നിത്തിളങ്ങി.