കൊൽക്കത്ത: കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ ഐലീഗ് ഫുട്ബാൾ നാല് ദിവസം പിന്നിട്ടപ്പോഴേക്കും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. ടീമുകൾ താമസിക്കുന്ന ഹോട്ടലിലും ടീമംഗങ്ങൾക്കിടയിലും വ്യാപകമായി കൊവിഡ് പടർന്നു പിടിച്ചതിനാലാണ് ലീഗ് നിർത്തിവയ്ക്കുന്നതെന്ന് ഐ ലീഗ് പിന്നീട് വിശദീകരിച്ചു. ശക്തമായ ബയോ ബബിളിനുള്ളിൽ നിന്ന് കൊണ്ട് ടീമുകളുടെ പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തിയിട്ടും ടീം ക്യാമ്പുകളിൽ കൊവിഡ് പടർന്നുപിടിച്ചത് സംഘാടകരുടെ പിടിപ്പുകേടു കൊണ്ടാണെന്ന് ഇതിനോടകം ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഐ ലീഗ് ക്ളബുകളായ റിയൽ കാശ്മീർ, ശ്രീനിധി ഡെക്കാൻ, മൊഹമ്മദൻ എസ് സി എന്നീ ടീമുകളുടെ ക്യാമ്ബിലാണ് കൊവിഡ് കേസുകൾ നിലവിൽ കണ്ടെത്തിയിട്ടുള്ളത്. ഈ ടീമുകൾ തങ്ങളുടെ ആദ്യ റൗണ്ട് മത്സരം ഇതിനോടകം പൂർത്തിയാക്കിയതിനാൽ തന്നെ മറ്റ് ടീമുകളിലെ കളിക്കാർക്കും പരിശീലകസംഘത്തിനും കൊവിഡ് പടരാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്. റിയൽ കാശ്മീർ ഐസ്വാൾ എഫ് സിയുമായും, ശ്രീനിധി ഡെക്കാൻ നെരോക്ക എഫ് സിയുമായും, മൊഹമ്മദൻ എസ് സി സുദേവ ഡൽഹിയുമായാണ് ആദ്യ റൗണ്ട് ലീഗ് മത്സരങ്ങൾ കളിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി നാളെ തങ്ങളുടെ രണ്ടാം റൗണ്ട് മത്സരത്തിൽ നെരോക്കയെ നേരിടാനിരിക്കെയാണ് ലീഗ് നിർത്തി വച്ചുകൊണ്ടുള്ള അറിയിപ്പ് എത്തുന്നത്. ഇന്ന് ഉച്ചക്ക് നടത്താനിരുന്ന ഗോകുലത്തിന്റെ ഓൺലൈൻ പത്രസമ്മേളനവും ഇതിനെതുടർന്ന് മാറ്റിവച്ചു.
അടുത്ത ആഴ്ച അവലോകന യോഗം ചേർന്നതിന് ശേഷം ജനുവരി 6 മുതൽ മത്സരങ്ങൾ പുനരാരംഭിക്കാനാണ് എ ഐ എഫ് എഫ് നിലവിൽ പദ്ധതിയിടുന്നത്. എന്നാൽ ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് വ്യക്തമല്ല. എല്ലാ കളിക്കാരെയും സപ്പോർട്ട് സ്റ്റാഫിനെയും ഇന്ന് കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയെന്നും വീണ്ടും ഇവരെ ജനുവരി ഒന്നിനും മൂന്നിനും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സംഘാടകർ അറിയിച്ചു. ഇതിന് ശേഷമായിരിക്കും മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് അന്തിമതീരുമാനം എടുക്കുക.