ഗാസ : റമദാൻ മാസാരംഭത്തിലും ഗാസയില്‍ ആക്രമണം തുടർന്ന് ഇസ്രയേല്‍. അഭയാർഥി ക്യാംപിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ 15 പേർ കൊല്ലപ്പെട്ടു. നസേറത്ത് അഭയാർഥി ക്യാമ്പിലാണ് ഇസ്രയേലിന്റെ ഷെല്ലാക്രമണം ഉണ്ടായത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഇസ്രയേല്‍ യുദ്ധരംഗത്ത് അതിരുകടക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടെലിവിഷൻ അഭിമുഖത്തില്‍ പ്രതികരിച്ചു. നെതന്യാഹുവിന്റെ നടപടികള്‍ ഇസ്രയേലിനെ സഹായിക്കുകയല്ല മറിച്ച് ദ്രോഹമാവുകയാണ്. നിരപരാധികളായ ജനങ്ങളുടെ സുരക്ഷയില്‍ നെതന്യാഹുവിന് ശ്രദ്ധയുണ്ടാകണമെന്നും ജോ ബൈഡൻ ആവശ്യപ്പെട്ടു.
ഭക്ഷ്യസാധനങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ എത്തിക്കാനായി യുഎസ് കപ്പല്‍ ഗാസയിലേക്ക് തിരിച്ചു. ഗാസയില്‍ ആകാശ മാർഗം ആഹാരവും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ കഴിഞ്ഞ ദിവസം 5 പേർ മരിച്ചു. വിമാനത്തില്‍ നിന്ന് വിതരണം ചെയ്ത വലിയ പെട്ടികള്‍ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണം. സഹായം കാത്ത് താഴെ നിന്നവർക്ക് മേലാണ് ഇത് പതിച്ചത്. ഏത് രാജ്യം ആഹാര സാധാനങ്ങള്‍ വിതരണം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത് എന്ന് വ്യക്തമല്ല. അമേരിക്കയും ജോർദനും ഈജിപ്തും ഫ്രാൻസും നെതർലാൻഡും ബെല്‍ജിയവും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഗാസയില്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാഴ്ച പ്രാദേശിക സമയം 9.30ഓടെയാണ് അപകടമുണ്ടായത്. നിലവിലെ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ താല്‍ക്കാലിക തുറമുഖം പ്രവർത്തന ക്ഷമമാകാൻ ആഴ്ചകള്‍ എടുത്തേക്കും. സൈപ്രസിലേക്കാകും അമേരിക്കൻ കപ്പലുകള്‍ എത്തുക. ഭക്ഷണം, വെള്ളം എന്നിവ കൂടാതെ താല്‍ക്കാലിക പാർപ്പിട സൗകര്യങ്ങളും എത്തിക്കും. നേരത്തെ ഗാസയില്‍ ഭക്ഷണം വാങ്ങാൻ കാത്തുനിന്നവർക്ക് നേരെയുണ്ടായ ഇസ്രയേല്‍ വെടിവയ്പ്പില്‍ 112 പേർ കൊല്ലപ്പെടുകയും 760 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗാസയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലാണ് സംഭവമുണ്ടായത്.