ഡമാസ്കസ്: സിറിയയില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുന്നു. കഴിഞ്ഞ അഞ്ച് മണിക്കൂറിനുള്ളില്‍ മാത്രം സിറിയയുടെ വിവിധ ഭാഗങ്ങളില്‍ 60 ലേറെ മിസൈലാക്രമണം നടത്തി ഇസ്രയേല്‍. സിറിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വിമതർ രാജ്യതലസ്ഥാനമായ ഡമാസ്കസ് പിടിച്ചെടുക്കുകയും പ്രസിഡന്റ് ബഷർ അല്‍ അസദ് രാജ്യംവിടുകയും ചെയ്തതോടെ സിറിയയുടെ ഭരണം അനിശ്ചിതാവസ്ഥയിലാണ്.
ഈ സാഹചര്യം മുതലെടുത്താണ് ഇസ്രയേല്‍ സിറിയയിലേക്ക് ആക്രമണം കടുപ്പിച്ചത്.
സിറിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച രാത്രി അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തതായി യുദ്ധ നിരീക്ഷകരായ ‘സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ്’നെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഇസ്രയേല്‍ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് സിറിയൻ വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി വ്യക്തമാക്കി. സിറിയൻ വാർത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജുലാനി ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയത്. സിറിയയില്‍ വ്യോമാക്രമണം നടത്താൻ ഇസ്രായേലിന് മുന്നില്‍ ഇനി ഒഴിവുകഴിവുകളില്ലെന്നും ഐഡിഎഫ് ആക്രമണങ്ങള്‍ പരിധി കടന്നെന്നും അബു മുഹമ്മദ് അല്‍-ജുലാനി പറഞ്ഞു. വർഷങ്ങളോളം നീണ്ട യുദ്ധത്തിനും സംഘർഷങ്ങള്‍ക്കും ശേഷം തളർന്ന സിറിയൻ സാഹചര്യം പുതിയ സംഘർഷങ്ങളിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും ജുലാനി പറഞ്ഞു.