തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള വാഹനസോഫ്ട്‍വെയർ, ഇന്ഫോർറ്റൈന്മെന്റ്, ഇ-മൊബിലിറ്റി സിസ്റ്റം നിർമാതാക്കളായ ആക്സിയ ടെക്‌നോളജീസ് കമ്പനിയും കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടനയും കൈകോർത്തപ്പോൾ യാഥാർഥ്യമായത് ഒരു നാടിന്റെ മുഴുവൻ സ്വപ്നം
തിരുവനന്തപുരം, ജൂൺ 03, 2024: 2018ലെ ഓഖി ദുരന്തമുഖത്ത് തിരുവനന്തപുരത്തെ തീരദേശവാസികൾക്ക് ആശ്രയമായി മാറിയ ഇടമാണ് വലിയതുറ ഗവണ്മെന്റ് യുപി സ്കൂൾ. പിന്നീട് കടൽ രൂക്ഷഭാവമെടുത്തപ്പോഴെല്ലാം വീണ്ടും വീണ്ടും ഈ സ്കൂൾ പരിസരം സുരക്ഷയും തണലുമായി നിലകൊണ്ടു. എന്നാൽ നിരന്തരം ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചതിന്റെ ക്ഷീണത്താൽ സ്‌കൂളിനതിന്റെ യഥാർത്ഥ രൂപം നഷ്ടമായി. വൈകാതെ ക്ലാസ്സ്‌മുറികൾ അനാഥമായി. അവിടെ നിറഞ്ഞിരുന്ന കളിചിരികൾക്ക് തിളക്കം മങ്ങി. ഈ അധ്യായനവർഷത്തിന്റെ തുടക്കവും ആരവങ്ങളില്ലാതെ പതിവുപോലെ കടന്നുപോകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ആ സമയത്താണ് തിരുവനന്തപുരത്തെ ടെക്‌നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള വാഹന സോഫ്ട്‍വെയർ നിർമാതാക്കളായ ആക്സിയ ടെക്‌നോളജീസ്, കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന എൻജിഒയുമായി കൈകോർത്ത് ഈ സ്‌കൂളിന്റെ മുഖംമാറ്റാൻ തീരുമാനിച്ചത്. “ഗിഫ്റ്റ് എ ഡ്രീം” അഥവാ “ഒരു സ്വപ്നം സമ്മാനിക്കാം” എന്നായിരുന്നു അവർ പദ്ധതിക്കിട്ട പേര്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കൊല്ലം ജൂൺ 3 മറ്റ് സ്‌കൂളുകൾക്ക് ഒരു സാധാരണ പ്രവേശനോത്സവം മാത്രമായിരുന്നെങ്കിൽ, വലിയതുറ യുപി സ്‌കൂളിന് അക്ഷരാർത്ഥത്തിൽ ഒരു പുതുപ്പിറവി തന്നെയായിരുന്നു. സ്‌കൂളിന്റെ തിരിച്ചുവരവിന്റെ ആദ്യദിനമെന്ന നിലയിൽ നാട്ടുകാരും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കാര്യമായി തന്നെ പ്രവേശനോത്സവം ആഘോഷമാക്കി മാറ്റി. സ്‌കൂളിൽ ഒരു സ്മാർട്ട് സെമിനാർ ഹാളും മിനി ലൈബ്രറിയും ഉദ്‌ഘാടനം ചെയ്തു. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ ഐഎഎസ് പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്ത ശേഷം സെമിനാർ ഹാളിന്റെ താക്കോൽ സ്‌കൂൾ അധികൃതർക്ക് കൈമാറി. ആക്സിയ ടെക്‌നോളജീസ് സ്ഥാപക സിഇഒ ജിജിമോൻ ചന്ദ്രൻ വിദ്യാർത്ഥികൾക്ക് സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും ആവശ്യമായ പഠനസാമഗ്രികൾ അടങ്ങിയ ബാഗാണ് നൽകിയത്.
ഇനിമുതൽ വലിയതുറ യുപി സ്‌കൂൾ വെറുമൊരു കെട്ടിടം മാത്രമല്ലെന്നും കുട്ടികളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും രൂപമെടുക്കുന്ന ഇടമാണെന്നും സാക്ഷി മാലിക് ഐഎഎസ് പറഞ്ഞു. എല്ലാവരും ഒരുമിച്ചുകൂടി മറ്റുള്ളവരുടെ നേട്ടങ്ങൾ ആഘോഷിക്കുന്ന സ്ഥലമായി കമ്മ്യൂണിറ്റി ഹാൾ മാറും. പുസ്തകങ്ങളിലേക്ക് ആഴ്ന്നിറങ്ങാനും ജീവിതകാലം മുഴുവൻ പഠിക്കാനുള്ള ഊർജം കണ്ടെത്താനുള്ള ഇടമായി ലൈബ്രറി മാറുമെന്നും അസിസ്റ്റന്റ് കളക്ടർ പ്രത്യാശ പ്രകടിപ്പിച്ചു. ആക്സിയ ടെക്‌നോളജീസിന്റെയും കനൽ സംഘടനയുടെയും പിന്തുണയില്ലാതെ ഈ മാറ്റങ്ങൾ സാധ്യമാകുമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തീരദേശത്തെ 120 ഓളം കുടുംബങ്ങൾക്ക് ദുരന്തമുഖത്ത് അഭയമായി മാറിയ ഇടമാണ് വലിയതുറ യുപി സ്‌കൂൾ. ഇവിടം സ്ഥിരം ദുരിതാശ്വാസക്യാമ്പായി മാറിയതോടെ നാട്ടുകാർ അവരുടെ കുട്ടികളെ മറ്റ് സ്‌കൂളുകളിലേക്ക് അയക്കാൻ തുടങ്ങി. പണ്ട് ഇരുന്നൂറിലേറെ കുട്ടികൾ പഠിച്ചിരുന്ന ഈ സ്‌കൂൾ ക്രമേണ ഒറ്റപ്പെട്ടു. ക്‌ളാസ്‌റൂമുകൾ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പരിസരമാകെ കാടുപിടിച്ചും മാലിന്യകൂമ്പാരമായും ഉപയോഗശൂന്യമായിരുന്നു.
സാമൂഹികബോധമുള്ള നാട്ടുകാർ പൂർണപിന്തുണയുമായി കൂടെ നിന്നതുകൊണ്ടാണ് ആക്സിയ ടെക്‌നോളജീസിന് വലിയതുറ യുപി സ്‌കൂളിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിച്ചതെന്ന് ജിജിമോൻ ചന്ദ്രൻ പറഞ്ഞു. കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പ്രവർത്തനങ്ങൾ. ഇനിയും വിദ്യാഭ്യാസസംബന്ധമായ സുസ്ഥിര പദ്ധതികൾ ഏറ്റെടുക്കാൻ കമ്പനി സജ്ജമാണെന്ന് സിഇഒ പറഞ്ഞു.
കഴിഞ്ഞ വർഷം വെറും 30 കുട്ടികൾ മാത്രം ഉണ്ടായിരുന്നിടത്ത് ഇത്തവണ 100 നടുത്ത് കുട്ടികൾ അഡ്മിഷൻ എടുത്തിരിക്കുകയാണ്. സ്‌കൂൾ പരിസരത്ത് കുമിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കി. ആക്‌സിയയും കനൽ എന്ന സംഘടനയും ചേർന്നാണ് സെമിനാർ ഹാളും ലൈബ്രറിയും യാഥാർഥ്യമാക്കിയത്. എല്ലാ കുട്ടികൾക്കും പ്രവേശനോത്സവം ഒരുപോലെ ഹൃദ്യമായ ഒരനുഭവമാക്കി മാറ്റാൻ പഠനസാമഗ്രികൾ അടങ്ങിയ സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്തു.
പ്രതീക്ഷയുടെയും അർപ്പണത്തിന്റെയും പ്രതീകമാണ് ഈ സ്‌കൂളിന്റെ തിരിച്ചുവരവെന്ന് കനലിന്റെ ഡയറക്ടർ അഡ്വ. ആൻസൺ പി.ഡി. പറഞ്ഞു. എല്ലാവർക്കും പഠിക്കാനുള്ള അവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആക്‌സിയയുടെയും കനലിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഒരു സ്‌കൂളിനെ മാത്രമല്ല, ഈ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെയും കുട്ടികളുടെയും സ്വപ്നങ്ങളും ആഗ്രഹങ്ങളും കൂടിയാണ് വീണ്ടെടുത്തത്.
വള്ളക്കടവ് വാർഡ് കൗൺസിലർ ഷാജിത നാസർ, സ്‌കൂളിന്റെ ഹെഡ് മാസ്റ്റർ ബിജു കുമാർ, പ്രശസ്ത എഴുത്തുകാരി ഖൈറുന്നിസ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.