ദില്ലി: ഓസ്ട്രേലിയയില്‍ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കാരായ സഹോദരങ്ങള്‍ അറസ്റ്റില്‍. എം. ടെക് വിദ്യാര്‍ഥി നവജീത് സന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഹരിയാന സ്വദേശികളും സഹോദരങ്ങളുമായ അഭിജിത് ഗാര്‍ട്ടന്‍, റോബിന്‍ ഗാര്‍ട്ടന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ന്യൂ സൗത്ത് വെയില്‍സ് ഗുല്‍ബേണില്‍ അറസ്റ്റിലായത്. ഹരിയാണ കര്‍ണല്‍ സ്വദേശികളാണ് കൊല്ലപ്പെട്ടവരും പ്രതികളും. മെയ് അഞ്ചിനാണ് നവജീത് കൊല്ലപ്പെട്ടത്. മെല്‍ബണിലെ ഒര്‍മോണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ താമസ വാടക സംബന്ധമായ തര്‍ക്കത്തില്‍ സംസാരിക്കവെയാണ് ആക്രമണമുണ്ടായത്.
സുഹൃത്തിന്റെ താമസ സ്ഥലവുമായി ബന്ധപ്പെട്ട് ഇടപെട്ടപ്പോള്‍ പ്രതികള്‍ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് നവജീതിന്റെ അമ്മാവന്‍ വ്യക്തമാക്കി. ഒന്നരവര്‍ഷം മുമ്ബാണ് നവജീത് പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോയത്. കര്‍ഷകനായ പിതാവ് ഒന്നരയേക്കറോളമുള്ള ഭൂമി വിറ്റായിരുന്നു മകനെ പഠനത്തിനായി അയച്ചത്.