കൊടൈക്കനാല്‍: കൊടൈക്കനാല്‍ പെരുമാള്‍ മലയടുത്തുള്ള പാലമല ഭാഗത്ത് ആനക്കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ തൃശ്ശൂര്‍ മലപ്പുറം സ്വദേശികള്‍ ഉള്‍പ്പെടെ എട്ട് പേരെ വനപാലകര്‍ പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിന്നും മൂന്ന് കൊമ്പുകള്‍, നാടന്‍ തോക്ക്, കേരള, തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറുകള്‍ എന്നിവയും പിടിച്ചെടുത്തു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വലിപ്പമുള്ള രണ്ട് കൊമ്പുകളും വ്യാജമാണെന്നും ചെറിയ കഷ്ണം കൊമ്പ് കാണിച്ച് തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും വ്യക്തമായി.കേരള രജിസ്‌ട്രേഷനുള്ള കാര്‍ ഗ്രാമത്തിലേക്ക് തുടര്‍ച്ചയായി പോയതാണ് വനംവകുപ്പ് ഇന്റലിജന്‍സിന് സംശയത്തിനിടയാക്കിയത്. മധുരയില്‍ നിന്ന് കാറില്‍ എത്തിയവരാണ് കൊമ്പുകള്‍ കൊണ്ടുവന്നത്. മലയാളികളായ ഇരുവരും കൊമ്പുകള്‍ വാങ്ങാന്‍ എത്തിയവരാണെന്ന് വനപാലകര്‍ അറിയിച്ചു. വനപാലകര്‍ പറഞ്ഞപ്പോഴാണ് തങ്ങള്‍ വാങ്ങാന്‍ എത്തിയത് വ്യാജ കൊമ്പാണെന്ന് ഇവര്‍ അറിഞ്ഞത്.
തോക്കും ആനക്കൊമ്പ് ഭാഗങ്ങളും കൈവശം വെച്ചതിനും കബളിപ്പിക്കാന്‍ ശ്രമിച്ചതിനും പോലീസും വനംവകുപ്പും കേസെടുക്കും. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ഫോറെസ്റ്റ് അധികൃതര്‍ അറിയിച്ചു.