മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്റെ ഓര്‍മ്മക്കായി ജെ സി ഡാനിയേല്‍ ഫൗണ്ടേഷന് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജെ.സി ഡാനിയേലിന്റെ 124 മത് ജന്മദിനാഘോഷവും കലാസാംസ്കാരിക പുരസ്കാര സമര്‍പ്പണവും നടത്തി. തിരുവനന്തപൂരം തൈക്കാട് ഭാരത് ഭവനില്‍ വെച്ച് മുന്‍ മന്ത്രിയും എം.എല്‍.എ യുമായ കടകംപളളി സുരേന്ദ്രനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് പി കെ രാജമോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പുരസ്കാര ജേതാക്കളെ ആദരിച്ചു.
ചലച്ചിത്ര നിര്‍മ്മാണ രംഗത്തെ പ്രതിഭയും ഫ്ളവേഴ്സ് ടി വി ചെയര്‍മാനുമായ ഗോകുലം ഗോപാലനും പൊതുപ്രവര്‍ത്തന രംഗത്തെ നിസ്വാര്‍ത്ഥസേവനത്തിന് കാണക്കാരി അരവിന്ദാക്ഷനും, ചലച്ചിത്ര സീരിയല്‍ രംഗത്തെ പ്രശസ്തരായ ശ്രീലത നമ്പൂതിരി, ദിനേശ് പണിക്കര്‍, എം.ആര് ഗോപകുമാര്‍, കഥാപ്രസംഗ രംഗത്തെ പ്രതിഭ അയിലം ഉണ്ണികൃഷ്ണന്, തുടങ്ങിയവരെയും പുരസ്കാരം നല്കി ആദരിച്ചു. ചടങ്ങില്‍ കെ ആന്‍സലന്‍ എം.എല്‍.എ, എം. വിന്‍സെന്റ് എം.എല്‍.എ, തുടങ്ങിയവര്‍ ജേതാക്കളെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു. ജെ സി ഡാനിയേല്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ സോന എസ് നായര്‍ പുരസ്കാര ജേതാക്കളെ പൊന്നാട അണിയിക്കുകയും കടകം പളളി സുരേന്ദ്രന് പുരസ്കാരം നല്കി ആരദിക്കുകയും ചെയ്തു. പത്മഭൂഷണ്‍ ജസ്റ്റിസ് കെ ടി തോമസ് ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നു . ചലച്ചിത്ര പിന്നണി ഗായകര്‍ പങ്കെടുത്ത മ്യൂസിക്ക് നൈറ്റ് പരിപാടികള്‍ക്ക് കൊഴുപ്പേകി.