കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡ് ചോർന്ന സംഭവത്തിലെ അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങള്‍ പുറത്ത്. മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്നാണ് കണ്ടെത്തല്‍. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിച്ചു. സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിക്കാമെന്ന ധാരണയിലാണ് മെമ്മറി കാർഡ് കൈവശം വെച്ചതെന്ന് മൊഴിയെന്നും റിപ്പോർട്ടില്‍ പറയുന്നു. 2018 ഡിസംബർ 13 നാണ് ജില്ലാ ജഡ്ജിയുടെ പി എ മഹേഷ് മെമ്മറി കാർഡ് സ്വന്തം ഫോണില്‍ പരിശോധിച്ചത്. രാത്രി 10.52 നായിരുന്നു മഹേഷ് മെമ്മറി കാർഡ് പരിശോധിച്ചത്. ജില്ലാ ജഡ്ജിയുടെ നിർദ്ദേശ പ്രകാരമാണ് മെമ്മറി കാർഡ് തന്റെ ഫോണില്‍ ഇട്ട് പരിശോധിച്ചതെന്നാണ് പിഎ മഹേഷിന്റെ മൊഴി.
2022 ഫെബ്രുവരിയില്‍ ഈ ഫോണ്‍ യാത്രക്കിടെ നഷ്ടമായെന്നും മഹേഷ് മൊഴി നല്‍കിയിട്ടുണ്ട്. 2021 ജൂലൈ 19 നാണ് വിചാരണ കോടതി ശിരസ്തദാർ മെമ്മറി കാർഡ് പരിശോധിച്ചത്. താജുദ്ദീൻ എന്ന ഉദ്യോഗസ്ഥനാണ് പരിശോധിച്ചത്. കോടതി ചെസ്റ്റില്‍ സൂക്ഷിക്കേണ്ട മെമ്മറി കാർഡാണ് ശിരസ്തദാർ പരിശോധിച്ചത്. സംഭവത്തില്‍ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാർഡ് ചോർന്ന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് ചുമതല നല്‍കണമെന്നാണ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹർജി നല്കി. സഹപ്രകവർത്തകരെ സംരക്ഷിക്കാനാണ് ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണമെന്നും മെമ്മറി കാർഡ് അനധികൃതാമിയ പരിശോധിച്ചതില്‍ തെളിവ് ശേഖരിച്ചില്ലെന്നും അതിജീവിത ആരോപിക്കുന്നു. മെമ്മറി കാർഡ് പരിശോധിച്ച ഫോണ്‍ കസ്റ്റഡിയിലെടുക്കാൻ തയ്യാറായില്ല. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അതിജീവിത ആവശ്യപ്പെട്ടു.