‘മിസ്റ്റർ കൺസിസ്റ്റന്‍റ്’; ‘കാട്ടാളനി’ൽ അതിശയിപ്പിക്കുന്ന വേഷപ്പകർച്ചയുമായി ജഗദീഷും; പാൻ ഇന്ത്യൻ ചിത്രത്തിന്റ ഏറ്റവും പുതിയ അപ്ഡേറ്റ്

മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ അതിശയിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ജഗദീഷും സിദ്ധിഖും എത്താനൊരുങ്ങുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട ഇരുവരുടേയും കരിയറിൽ തന്നെ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരിക്കും ചിത്രത്തിലേതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

Advertisements

ഈ അടുത്ത കാലത്തിറങ്ങിയ ഒരു സിനിമയിൽ പോലും ജഗദീഷും സിദ്ധിഖും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ചർച്ചയാകാതെ പോയിട്ടില്ല. ഓരോ സിനിമകളിലും വേറിട്ട വേഷപ്പകർച്ചകളിൽ അമ്പരപ്പിക്കുന്ന അഭിനയ മികവിൽ രണ്ടുപേരും എത്താറുണ്ട്. ഇക്കുറിയും വിസ്മയിപ്പിക്കാൻ തന്നെയാണ് ഇവരുടെ വരവെന്നാണ് മനസ്സിലാക്കാനാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാല് പതിറ്റാണ്ടിലേറെയായി നാന്നൂറിലേറെ സിനിമകളുടെ ഭാഗമായിതീർന്ന ജഗദീഷിനെ ‘മിസ്റ്റർ കൺസിസ്റ്റന്‍റ് ‘ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ‘കാട്ടാളൻ’ സിനിമയുടെ ലോകത്തേക്ക് ക്യൂബ്സ് എന്‍റര്‍ടെയ്ൻമെന്‍റ്സ് സ്വാഗതം ചെയ്തിരിക്കുന്നത്. 

1984ല്‍ പുറത്തിറങ്ങിയ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ചിത്രത്തിലൂടെ തന്‍റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ജഗദീഷ്. പിന്നീട് സഹനടനായും ഹാസ്യതാരമായും നായകനായുമൊക്കെ നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായുമൊക്കെ ഏറെ ശ്രദ്ധ നേടിയ സിനിമകളുടെ ഭാഗമാണ് കഴിഞ്ഞ കുറച്ചു നാളുകളായി ജഗദീഷ്. ‘മാർക്കോ’യിലെ ടോണി ഐസക് എന്ന മികവുറ്റ വേഷത്തിന് ശേഷം തങ്ങളുടെ പുതിയ സിനിമയായ ‘കാട്ടാളനി’ലും ജഗദീഷിനെ അടിമുടി വ്യത്യസ്തമായ ലുക്കിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. ‘മാർക്കോ’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’, ‘എആർഎം’, ‘വാഴ’, ‘അബ്രഹാം ഓസ്ലർ’, ‘ഗുരുവായൂർ അമ്പലനടയിൽ’ തുടങ്ങി ഒട്ടേറെ വിജയ സിനിമകളുടെ ഭാഗമായിരുന്നു അദ്ദേഹം. ‘കാട്ടാളനി’ൽ അദ്ദേഹം എത്താനൊരുങ്ങുമ്പോള്‍ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.

1985-ൽ ആ നേരം അൽപ്പദൂരം എന്ന സിനിമയിലൂടെ എത്തിയ സിദ്ധിഖ് 40 വർഷത്തെ കാലയളവിൽ ഹാസ്യ താരമായും സഹനടനായും വില്ലനായും സ്വഭാവ നടനായുമൊക്കെ 350-ലേറെ സിനിമകളിൽ അഭിനയിച്ചതിന്‍റെ പരിചയ സമ്പത്തുമായി ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി ഇപ്പോഴും തുടരുകയാണ്. അദ്ദേഹത്തിന്‍റെ സമീപകാല ചിത്രങ്ങളായ മാർക്കോ, നേര്, 2018, ദൃശ്യം സീരീസ് മുതലായ നിരവധി സിനിമകളിൽ ശക്തമായ സ്ക്രീൻ പ്രസൻസും വൈകാരികമായി ഹൃദയം കീഴടക്കുന്ന അഭിനയ മികവുമായി സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സ്വഭാവ നടന്മാരുടെ ഗണത്തിലാണുള്ളത്. ‘കാട്ടാളനി’ൽ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രം കാണാൻ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ “ആന്‍റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.

പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി.

ഇതര ഭാഷ ചിത്രങ്ങൾ പോലെ മലയാള സിനിമകളെയും വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് ‘മാർക്കോ’ പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ ആതിര ദിൽജിത്ത്.

Hot Topics

Related Articles