ദില്ലി: ടിഡിപി ആന്ധ്രപ്രദേശില്‍ തങ്ങളുടെ നേതാക്കളെ വേട്ടയാടുകയാണെന്നാരോപിച്ച് ദില്ലിയില്‍ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തില്‍ വൈഎസ്ആർ കോണ്‍ഗ്രസ് പ്രതിഷേധം. ജന്തർ മന്തറിലാണ് ധർണയും ആക്രമണത്തിൻ്റെ ഫോട്ടോ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചത്. ആന്ധ്രയില്‍ ക്രമസമാധാനം പാടേ തകർന്നെന്നും ടിഡിപി അധികാരത്തിലെത്തി 45 ദിവസത്തിനകം സംസ്ഥാനത്ത് 30 കൊലപാതകങ്ങള്‍ നടന്നുവെന്നും ജഗൻ ആരോപിച്ചു.
തങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും തെരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ്. പൊലീസ് ഇതിന് മൂകസാക്ഷിയാണെന്നും ജഗൻ ആരോപിച്ചു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, മുസ്ലിം ലീഗ് എംപിമാരായ അബ്ദുല്‍ വഹാബ്, ഹാരിസ് ബീരാൻ എന്നിവരും ജഗന് പിന്തുണയുമായി വേദിയില്‍ എത്തി. ബുള്‍ഡോസർ രാജ് എവിടെയും അംഗീകരിക്കാനാവില്ലെന്ന് അഖിലേഷ് പറഞ്ഞു. മുസ്ലിം ലീഗ് വിഷയത്തില്‍ ജഗനൊപ്പമാണെന്ന് അബ്ദുല്‍ വഹാബ് പറഞ്ഞു.