ന്യൂഡൽഹി: കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയിലേക്ക് തിരികെ ചേർന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നേതൃത്വത്തില്‍ ഷെട്ടാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ഇക്കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഷെട്ടാർ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നത്.
ഡല്‍ഹിയിലെത്തിയ ഷെട്ടാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രിയും കർണാടകയിലെ മുതിർന്ന ബിജെപി നേതാവുമായ ബി.എസ്. യെദ്യൂരപ്പയ്ക്കൊപ്പമാണ് ഷെട്ടാർ ബിജെപി ആസ്ഥാനത്തെത്തിയത്.
സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയായിരുന്നു ഷെട്ടാർ കഴിഞ്ഞ വർഷം ഏപ്രിലില്‍ ബിജെപി വിട്ടത്. തുടർന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഡഹുബ്ബള്ളി-ധാർവാഡ് സെൻട്രല്‍ മണ്ഡലത്തില്‍ മത്സരിച്ച ഷെട്ടാർ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പിന്നീട് കോണ്‍ഗ്രസ് ഷെട്ടാറിനെ കർണാടക നിയമനിർമാണ കൗണ്‍സില്‍ അംഗമാക്കിയിരുന്നു. പാർട്ടി എനിക്ക് മുൻകാലങ്ങളില്‍ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ തന്നു. ചില പ്രശ്നങ്ങള്‍ കാരണം ഞാൻ കോണ്‍ഗ്രസ് പാർട്ടിയിലേക്ക് പോയി. കഴിഞ്ഞ 8-9 മാസങ്ങളില്‍ ഒരുപാട് ചർച്ചകള്‍ നടന്നിരുന്നു, കൂടാതെ ബിജെപി പ്രവർത്തകർ എന്നോട് തിരിച്ചുവരാൻ ആവശ്യപ്പെട്ടു. യെദ്യൂരപ്പ ജിയും വിജയേന്ദ്ര ജിയും ഞാൻ ബിജെപിയിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിച്ചിരുന്നു. നരേന്ദ്ര മോദി ജി വീണ്ടും പ്രധാനമന്ത്രിയാകണം എന്ന വിശ്വാസത്തോടെയാണ് ഞാൻ പാർട്ടിയില്‍ വീണ്ടും ചേരുന്നത്’, ബിജെപിയില്‍ തിരികെ ചേർന്ന ശേഷം ഷെട്ടാർ പറഞ്ഞു.