ചെന്നൈ : ശക്തമായ പ്രമേയവുമായി എത്തി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് സൂര്യ നായകനായ ‘ജയ് ഭീം’. നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ചെന്നൈ ഹൈക്കോടതി ഉത്തരവ് നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമയുടെ നിര്‍മ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന് ടിജെ ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വണ്ണിയാര്‍ സമുദായത്തിന്റെ ഹര്ജിയിന്മേലാണ് കോടതി ഉത്തരവ്.
2021 നവംബറിലാണ് ജയ് ഭീം തങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വണ്ണിയാര്‍ സമുദായം പരാതിയുമായി എത്തിയത്. ചിത്രത്തിലെ ക്രൂരനായ പൊലീസുകാരന് യഥാര്‍ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ല. എന്നിട്ടും അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാര്‍ സമുദായത്തിലുള്ളവരുടെ ആരോപണം. സിനിമയില്‍ അഗ്നികുണ്ഡം പശ്ചാത്തലമാക്കിയ ഒരു കലണ്ടര്‍ കാണിക്കുന്നുണ്ടെന്നും അഗ്നികുണ്ഡം വണ്ണിയാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്നതാണെന്നും വണ്ണിയാര്‍ സംഘം അവകാശപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമയിലൂടെ ഒരു സമുദായത്തെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് സംവിധായകന് ടിജെ ജ്ഞാനവേല്‍ വിവാദങ്ങള്‍ക്ക് തൊട്ടുപിന്നാലെ തന്നെ പ്രതികരിച്ചിരുന്നു. തങ്ങള്‍ സിനിമ ഒരുക്കിയത് പൊലീസും ജുഡീഷ്യറിയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും താഴെക്കിടയില്‍ ഉള്ളവര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നുള്ള സന്ദേശം നല്കുവാനാണ്. ജയ് ഭീം എന്ന സിനിമ കൊണ്ട് ആരെങ്കിലും വേദനിക്കപെട്ടു എങ്കില്‍ മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. 993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനം ചിത്രത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. സൂര്യയുടെ ബാനറായ ടു ഡി എന്റര്ടയ്ന്മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചത്. മണികണ്ഠനാണ് രചന. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷ, ലിജോമോള്‍ ജോസ് എന്നിവര്‍ താര നിരയിലുണ്ട്. എസ് ആര് കതിര് ആണ് ഛായാഗ്രഹണം.