കണ്ണൂർ : കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ കൊയ്യോട് സ്വദേശി ഹർഷാദ് പിടിയില്‍. തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നുമാണ് ഹർഷാദ് പിടിയിലായത്. കഴിഞ്ഞമാസം 14ആണ് സുഹൃത്തിനൊപ്പം ഇയാൾ ബൈക്കില്‍ കയറി രക്ഷപ്പെടുന്നത്. പത്രമെടുക്കാനായി വന്ന ഹർഷാദ് ജയിലിൻ്റെ ഗേറ്റ് തുറന്ന് പുറത്ത് കാത്തുനിന്ന് സുഹൃത്തുമായി കടന്നു കളയുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ നോക്കിനില്‍ക്കെയായിരുന്നു സുരക്ഷാവീഴ്ച. ലഹരി കേസില്‍ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ആളാണ് ഹർഷാദ്. ജയില്‍ ചാടാൻ സഹായിച്ച സുഹൃത്ത് റിസ്വാൻ കഴിഞ്ഞയാഴ്ച കീഴടങ്ങിയിരുന്നു.
കോയ്യോട് സ്വദേശിയായ ഹർഷാദിന്റേത് ആസൂത്രിത ജയില്‍ ചാട്ടമാണെന്ന് ജയില്‍ അധികൃതർ കണ്ടെത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹർഷാദായിരുന്നു. ജയിലിലെ വെല്‍ഫയർ ഓഫീസില്‍ ജോലിയായിരുന്നു ഹർഷാദിന്. ഇതിന്റെ മറവിലാണ് പ്രതി ജയില്‍ചാടുന്നതിനുള്ള ആസൂത്രണം നടത്തിയത്. മയക്കുമരുന്ന് കേസില്‍ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പൊലീസ് എടുത്ത കേസില്‍ 2023 സെപ്റ്റംബർ മുതല്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് അതിവിദഗ്ധമായി ജയില്‍ ചാടി പോയത്.