ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ തൊഴിലാളികള്‍ കൊലചെയ്യപ്പെട്ട കേസില്‍ നാല് ഭീകരർ കുറ്റക്കാരെന്ന് എൻഐഎ. ഇവർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ലഷ്കർ ഇ തൊയ്‌ബയും ഇതിന്റെ ശാഖയായ ദി റസിസ്റ്റൻസ് ഫ്രണ്ടും ദി റെസിസ്റ്റൻസ് ഫ്രണ്ടും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പാകിസ്‍താൻ ആസ്ഥാനമായുള്ള ലഷ്കർ ഇ തൊയ്‌ബ ഹാൻഡ്‌ലർ ഉള്‍പ്പെടെയുള്ള നാല് ഭീകരരാണ് ആക്രമണത്തിലെ പ്രതികള്‍.
ആദില്‍ മൻസൂർ ലാംഗൂ എന്ന ഭീകരൻ ഫെബ്രുവരി 7 ന് ശ്രീനഗറിലെ ഷല്ലാ കടല്‍ പ്രദേശത്ത് വെച്ച് അമൃത്പാല്‍ സിംഗ്, രോഹിത് മസിഹ് എന്നീ രണ്ട് തൊഴിലാളികള്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അമൃത്പാല്‍ സിംഗ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രോഹിത് മസിഹ് അടുത്ത ദിവസം മരണത്തിന് കീഴടങ്ങി. ഇരുവരും പഞ്ചാബിലെ അമൃത്‌സറിലെ ചാംയാരി സ്വദേശികളായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദില്‍ മൻസൂർ ലാംഗുവിനെക്കൂടാതെ അഹ്‌റാൻ റസൂല്‍ ദാർ, ദാവൂദ്, അവരുടെ പാകിസ്താൻ ഹാൻഡ്‌ലർ ജഹാംഗീർ എന്ന പീർ സാഹബ് എന്നീ ഭീകരർക്കും കൊലപാതകത്തില്‍ പങ്കുള്ളതായി ജമ്മുവിലെ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ എൻഐഎ വ്യക്തമാക്കി. കശ്മീർ താഴ്‌വരയില്‍ മുമ്പ് നടന്ന ഭീകരാക്രമണങ്ങളിലും ആദില്‍ മൻസൂറിന് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസി പറഞ്ഞു. ഇയാളും കൂട്ടാളികളായ അഹ്‌റാൻ റസൂല്‍ ദാറും ദാവൂദും ചേർന്ന് ജഹാംഗീറിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നത്.