ഗോവ: ആറു വർഷത്തെ ഇടവേള കഴിഞ്ഞ് ഫൈനൽ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും എത്തുന്നു. ഉദ്ഘാടന ഫൈനലിൽ കൊൽക്കത്തയോട് തോൽവി ഏറ്റുവാങ്ങി കണ്ണീരിൽ കുതിർന്ന് മടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് കണ്ണീരിന്റെ മുറിവ് ഉണക്കാൻ അവസരം. ജംഷഡ്പൂർ എഫ്.സിയെ രണ്ടു പാദങ്ങളിലുമായി 2-1 ന് പരാജയപ്പെടുത്തിയാണ് ഫൈനലിലേയ്ക്കു മഞ്ഞപ്പടയാളികൾ യോഗ്യത നേടിയത്. എതിർവശത്ത് മലയാളി ഗോൾ കീപ്പർ ടിപി രഹ്നെഷിനെ പരാജയപ്പെടുത്തി 18 ആം മിനിറ്റിൽ അഡ്രിയാൻ ലൂണ നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.
ആദ്യ ഐ.എസ്.എല്ലിലെ ഫൈനലിസ്റ്റുകളായിരുന്ന ബ്ലാസ്റ്റേഴ്‌സ് ആറു വർഷം മുൻപാണ്് രണ്ടാം ഫൈനൽ കളിച്ചത്. രണ്ടു തവണയും ഫൈനലിൽ പരാജയപ്പെട്ടു മടങ്ങാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിധി. ഇക്കുറി വിധി തിരുത്തിക്കുറിക്കുന്നതിനാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. നാളെ നടക്കുന്ന രണ്ടാം സെമിയുടെ രണ്ടാം പാദത്തിലെ വിജയിയെയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ നേരിടുക. ഹൈദരാബാദ് – കൊൽക്കത്ത ഈസ്റ്റ് ബംഗാൾ മത്സരത്തിലെ വിജയിയാവും ഫൈനലിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.