എറണാകുളം: പെരുമ്പാവൂരില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തില്‍ മൂന്ന് വർഷമായി ഒരൊറ്റ താമസക്കാരെത്തിയില്ല. തൊഴില്‍ വകുപ്പ് സബ്സിഡിയില്‍ ആറ് കോടി രൂപ ചെലവിട്ട് പണി കഴിപ്പിച്ച 74 ഫ്ലാറ്റുകളാണ് ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും ഒഴിഞ്ഞ് കിടക്കുന്നത്. ലൈഫ് പദ്ധതിയില്‍ ഇനിയും പതിനായിരങ്ങള്‍ കാത്തിരിക്കുമ്പോഴാണ് കോടികള്‍ ചെലവിട്ട എട്ട് നില കെട്ടിടം ആർക്കും ഗുണമില്ലാതെ നശിക്കുന്നത്.
നാട്ടില്‍ ഭവനരഹിതരായ എത്രയോ മനുഷ്യർ. അക്കൂട്ടത്തിലൊരാള്‍ പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിലെ ഈ കാഴ്ച കണ്ടാല്‍ സഹിക്കില്ല. രണ്ട് കിടപ്പുമുറി. ലിവിംഗ് കം ഡൈനിംഗ് ഏരിയ. അടുക്കളയും ടോയ്ലെറ്റും ഉള്‍പ്പടെ 645 ചതുരശ്ര വിസ്തീർണ്ണമുള്ള 74 ഫ്ലാറ്റുകള്‍. പണി എല്ലാം കഴിഞ്ഞ് 2021ല്‍ അന്നത്തെ തൊഴില്‍ മന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയില്‍ ഇന്നേ വരെ ഒരു താമസക്കാരൻ പോലും ഇല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉയർന്ന ഭൂമി വില, ബാങ്ക് വായ്പ കിട്ടാനുള്ള പ്രശ്നങ്ങള്‍ എന്നിവയെല്ലാം കാരണം സ്വന്തമായൊരു വീട് പണിയാനാകാത്ത അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായാണ് തൊഴില്‍ വകുപ്പ് പിന്തുണയില്‍ ജനനി അപ്പാർട്ട്മെന്റ് പണി കഴിപ്പിച്ചത്. ചിലവ് കൂടിയതോടെ ഒരു ഫ്ലാറ്റിന് 25 ലക്ഷം രൂപ വരെയായി നിരക്ക് ഉയർന്നു. ആദ്യം താത്പര്യം പറഞ്ഞവരെല്ലാം നിരക്ക് കൂടിയതോടെ പിന്മാറി. അതോടെ ജനനി ഫ്ലാറ്റുകള്‍ അടഞ്ഞ് തന്നെ കിടക്കുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്ലാറ്റുകള്‍ ആവശ്യക്കാർക്ക് കൈമാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്നത്തിന് ഉടൻ പരിഹാരമാകുമെന്നാണ് തൊഴില്‍ വകുപ്പിന്റെ പ്രതികരണം.