ചേലക്കര: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചെറുതുരുത്തിയില്‍ നിന്ന് പണം പിടിച്ച സംഭവത്തില്‍ പാലക്കാട് കുളപ്പുള്ളി സ്വദേശി ജയൻ സി സിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. 20 ലക്ഷത്തോളം രൂപയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ചേലക്കരയില്‍ നിന്ന് 19.7 ലക്ഷം രൂപ പിടികൂടിയത്. പണത്തിൻ്റെ ഉറവിടം സംബന്ധിച്ചും പരിശോധന തുടരുകയാണ്.
വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് ഇലക്ഷൻ സ്ക്വാഡ് 19.7 രൂപ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലിരികെ 50,000 രൂപയിലധികം ക്യാഷായി സൂക്ഷിക്കാൻ പാടില്ലെന്നാണ് നിയമം. ചോദ്യം ചെയ്യലില്‍ 25 ലക്ഷം രൂപ പിൻവലിച്ച ബാങ്ക് രേഖ ജയൻ കൈമാറിയിട്ടുണ്ട്. ബാക്കി തുക എന്ത് ചെയ്തു എന്നടക്കം ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധിക്കുകയാണ്. വീട് നിർമാണത്തിനുള്ള സാധനങ്ങള്‍ വാങ്ങാൻ എറണാകുളത്തേക്ക് പോവുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. ജയൻ അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈല്‍ വർക്ക്ഷോപ്പ്സിൻ്റെ പാലക്കാട് ജില്ലാ സെക്രട്ടറിയാണ്.