ന്യൂഡൽഹി : കഴിഞ്ഞ വർഷം യു.കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോണ്‍സുലേറ്റിലും നടന്ന ആക്രമണങ്ങളില്‍ പ്രതികള്‍ക്കെതിരെ തക്കതായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ടി.വി 9 നെറ്റ്വർക്ക് സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ നടന്ന ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ജയശങ്കർ പറഞ്ഞു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് അതിക്രമിച്ച് കയറിയവർക്കെതിരേയും കാനഡയില്‍ നയതന്ത്ര പ്രതിനിധികളെ ഭീഷണിപ്പെടുത്തിയവർക്കെതിരേയും നടപടി പ്രതീക്ഷിക്കുന്നു.
കനേഡിയൻ പൗരന്മാർക്ക് വിസ നല്‍കുന്നത് തങ്ങള്‍ക്ക് താത്ക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു. കാനഡയിലെ തങ്ങളുടെ നയതന്ത്രജ്ഞരെ ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായതിനെ തുടർന്നായിരുന്നു ഇത്തരമൊരു നീക്കം. എന്നാല്‍, ഇന്ന് വിസ പ്രവർത്തനങ്ങളെല്ലാം സാധാരണ നിലയിലാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനും ചോദ്യം ചെയ്യാനും സാധിക്കില്ല. എംബസികളിലേക്ക് സ്മോക് ബോംബെറിയുന്നതും സൗഹൃദപരമായി നിലകൊള്ളുന്ന ഒരു രാജ്യത്തെ ആക്രമിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ്. ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. യു.കെയിലും സമാനമായ രീതിയിലുള്ള ആക്രമണങ്ങളുണ്ടായി. തങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച സംരക്ഷണം വിഷത്തിലുണ്ടായില്ല. അതേസമയം, നിലവില്‍ യു.കെയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരം വിഷയങ്ങളില്‍ യു.എസും ഓസ്ട്രേലിയയും ഉറച്ച നിലപാടെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു യു.എസിലെ സാൻഫ്രാൻസിസ്കോയിലുള്ള ഇന്ത്യൻ കോണ്‍സുലേറ്റിന് നേർക്ക് ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു നേർക്ക് ഖലിസ്ഥാൻ അനുകൂലികള്‍ ആക്രമണം നടത്തുകയും ദേശീയപതാകയോട് അനാദരവ് കാണിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു സാൻ ഫ്രാൻസിസ്കോയിലെ അതിക്രമം. ഇന്ത്യൻ കോണ്‍സുലേറ്റിന്റെ വാതിലിലെയും ജനാലയിലെയും ചില്ലുകള്‍ അക്രമികള്‍ തകർത്തു. അക്രമികളുടെ കൈവശമുണ്ടായിരുന്ന, ഖലിസ്ഥാൻ കൊടികെട്ടിയ തടിയുടെ ദണ്ഡുകൊണ്ടായിരുന്നു അന്നത്തെ ആക്രമണം.