ബംഗളൂരു: ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാൻ കേന്ദ്രസർക്കാരിന് മേല്‍ സമ്മർദ്ദം ശക്തമാക്കി കർണാടക സർക്കാർ. പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉടനടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കത്തെഴുതി. പിന്നാലെ ഇക്കാര്യം കേന്ദ്ര സര്‍ക്കാരും പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു, ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത പ്രജ്വല്‍ രാജ്യം വിടാനും ഒളിവില്‍ പോകാനും നയതന്ത്ര പാസ്പോർട്ട് ദുരുപയോഗം ചെയ്തു എന്നത് തന്നെ പാസ്പോർട്ടിന്‍റെ നയതന്ത്ര പരിരക്ഷ റദ്ദാക്കാനുള്ള മതിയായ കാരണമാണെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
ഒരു മാസത്തോളമായി വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രജ്വലിനെ തിരികെ കൊണ്ടുവരാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും സിദ്ധരാമയ്യ കത്തില്‍ ആവശ്യപ്പെട്ടു. കർണാടക സർക്കാരിന്റെ കത്ത് വിദേശകാര്യ മന്ത്രാലയം പരിശോധിക്കുന്നുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പാസ്പോര്‍ട്ട് വിഷയത്തില്‍ എന്ത് നടപടി എടുക്കാനാകുമെന്നാണ് പരിശോധിക്കുന്നത്.