തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റിലേക്ക് ചാൻസലർ നടത്തിയ രാഷ്ട്രീയ നിയമനങ്ങള്‍ റദ്ദാക്കിയ കോടതി നടപടി ചാൻസലര്‍ ആരിഫ് മുഹമ്മദ് ഖാനേറ്റ തിരിച്ചടിയെന്ന് ഉത്തന വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മതനിരപേക്ഷ മൂല്യങ്ങളും വിദ്യാർത്ഥികളടക്കമുള്ളവരുടെ ജനാധിപത്യാവകാശങ്ങളും സംരക്ഷിച്ചുകൊണ്ടുള്ളവയാണ് സർക്കാരിന്റെ പ്രവർത്തനങ്ങള്‍. വിവാദങ്ങള്‍ സൃഷ്ടിക്കല്‍ നിർത്താനും അവയുടെ സ്ഥാനത്ത് സംവാദങ്ങള്‍ ഉയർത്തിക്കൊണ്ടു വരാനും ഈ വിധി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പ്രതികരിച്ചു.
കേരളത്തിലെ സർവ്വകലാശാലകളില്‍ ചാൻസലറുടെ ഭാഗത്തു നിന്നുള്ള അമിതാധികാര പ്രവണതയോടെയുള്ള ഇടപെടലുകള്‍ നിരന്തരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വലിയ രീതിയില്‍ അവ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിനു മേല്‍ നിഴല്‍ വീഴ്ത്തുന്നുണ്ട്. ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളില്‍ ഉന്നത മികവ് പുലർത്തുന്ന നാല് പേരെയാണ് ചാൻസലറായ ഗവർണർ സെനറ്റിലേക്ക് ശുപാർശ ചെയ്യേണ്ടിയിരുന്നത്. സർവ്വകലാശാലയില്‍ നിന്ന് നല്കുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർത്ഥികളെ ചാൻസലർ നാമനിർദ്ദേശം ചെയ്യുന്നതാണ് പൊതുകീഴ്വഴക്കം. സർവ്വകലാശാല പേര് നിർദ്ദേശിച്ച എട്ട് പേരില്‍ ഒരാളെയും പരിഗണിക്കാതെ ചാൻസലർ നാല് പേരെ നാമനിർദേശം ചെയ്യുകയായിരുന്നു. മതിയായ യോഗ്യതകളൊന്നും ഉറപ്പാക്കാതെയായിരുന്നു ചാൻസലറുടെ നാമനിർദ്ദേശങ്ങളെന്ന് മന്ത്രി കുറ്റപ്പെടുത്തി.