കോഴിക്കോട്: കോഴിക്കോട് പ്രസവ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് 7 വർഷത്തോളമായി ദുരിതം അനുഭവിക്കുന്ന കോഴിക്കോട്ടെ ഹർഷിനക്ക് ഇന്ന് അഞ്ചാമത്തെ ശസ്ത്രക്രിയ. അടിവയറിന്റെ ഇടതു ഭാഗത്ത് ശസ്ത്രക്രിയ ഉപകരണം കിടന്ന സ്ഥലത്ത് രൂപപ്പെട്ട മാംസപിണ്ഡം നീക്കാനുള്ള ശസ്ത്രക്രിയയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നടക്കുക. 2017 നവംബർ 30ന് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സർക്കാർ സഹായം ലഭ്യമാകാത്തതിനെ തുടർന്ന് ഹർഷിനക്കായി കോഴിക്കോട്ട് തെരുവില്‍ ചികിത്സാ ഫണ്ട് സമാഹരണം നടത്തിയിരുന്നു.
ഇതിന് ശേഷം പലപ്പോഴായി ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അഞ്ച് വര്‍ഷത്തോളം പ്രയാസങ്ങളുമായി തുടര്‍ന്നതിന് ശേഷം നടത്തിയ സ്കാനിംഗിലൂടെയാണ് വയറ്റിനുള്ളില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതാണ് പ്രശ്നമായതെന്ന് കണ്ടെത്തിയത്.ഇതോടെയാണ് മെഡിക്കല്‍ കോളേജിനെതിരെ ഇവര്‍ രംഗത്ത് വന്നത്. ശസ്ത്രക്രിയയിലൂടെ സര്‍ജിക്കല്‍ ഉപകരണം എടുത്തുകളഞ്ഞെങ്കിലും അതിന് ശേഷം ആരോഗ്യപ്രശ്നങ്ങളും അനുബന്ധ പ്രയാസങ്ങളും പതിവാണെന്നാണ് ഇവര്‍ പറയുന്നത്. കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളേജില്‍ വച്ച് അല്ലെന്ന് സര്‍ക്കാര്‍ വാദമുണ്ടായെങ്കിലും അന്വേഷണത്തിനൊടുവില്‍ മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്സുമാരെയും തന്നെയാണ് കുറ്റക്കാരായി പൊലീസ് കണ്ടെത്തിയത്. ഇതോടെ അന്ന് നൂറിലധികം ദിവസം മെഡിക്കല്‍ കോളേജിന് മുമ്ബില്‍ ഹര്‍ഷിന നടത്തിവന്ന സമരം അവസാനിപ്പിച്ചു. എന്നാല്‍ കേസില്‍ പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു സഹായവും ലഭിച്ചില്ല എന്നത് ഹര്‍ഷിന മുമ്പും പല തവണ ആവര്‍ത്തിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ വീണ്ടും തനിക്ക് ആരോഗ്യപ്രശ്നങ്ങളാണ്. ചികിത്സയ്ക്ക് പലപ്പോഴും ഏറെ പ്രയാസപ്പെടുകയാണ്. നേരത്തെ ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് വീണ്ടും കൊഴുപ്പ് അടിഞ്ഞുകൂടിയതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണം. വലിയ പണച്ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് ഇനി സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കില്ല- എന്നെല്ലാമാണ് ഹര്‍ഷിന പറയുന്നത്. സമരസമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 15ന് കോഴിക്കോട് കിഡ്സണ്‍ കോർണറില്‍ നിന്ന് ധനസമാഹരണം തുടങ്ങാനാണ് തീരുമാനം. ചികിത്സക്കും നിയമ പോരാട്ടത്തിനുമുള്ള പണം ഇതിലൂടെ കണ്ടെത്താമെന്നാണ് ഇവരുടെ പ്രതീക്ഷ.