ഐപിഎല്‍ മത്സരം കാണുന്നതിനിടെ സൂര്യാഘാതമേറ്റ ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഇന്ന് ആശുപത്രി വിട്ടേക്കും. ചൊവ്വാഴ്ച്ച അഹമ്മദാബാദില്‍ വച്ചു നടന്ന കൊല്‍ക്കത്ത- ഹൈദരാബാദ് മത്സരം കാണുന്നതിനിടെയാണ് താരത്തിന് സൂര്യാഘാതമേറ്റത്. മത്സര ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയ ഷാരൂഖിന് നിർജലീകരണവും തളർച്ചയും അനുഭവപ്പെട്ടു. പിന്നാലെ താരത്തെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊല്‍ക്കത്ത ടീമിന്റെ സഹ ഉടമയാണ് ഷാരൂഖ് ഖാന്‍. സിനിമാ താരവും കൊല്‍ക്കത്ത ടീമിന്റെ സഹ ഉടമയുമായ ജൂഹി ചൗളയും ഷാരൂഖിന്റെ കുടുംബവും ആശുപത്രിയിലെത്തിയിരുന്നു.
ഷാരൂഖിന്റെ ആരോഗ്യനില തൃപ്തികരമെന്നും ഇന്ന് തന്നെ ആശുപത്രി വിടാനാകുമെന്നും ജൂഹി ചൗള പ്രതികരിച്ചു. അഹമ്മദാബാദ് അടക്കം ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ട്. മത്സരം നടന്ന ദിവസം മൊട്ടേര സ്റ്റേഡിയത്തില്‍ 45 ഡിഗ്രിയോളം ചൂട് അനുഭവപ്പെട്ടിരുന്നു. മത്സരം കാണാനെത്തിയ അൻപതോളം പേർ നിർജലീകരണം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഉഷ്ണതരംഗം അടുത്ത അഞ്ച് ദിവസം കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ബോളിവുഡിന്‍റെ പരാജയകാലത്ത് കരിയറിലെ ഏറ്റവും മികച്ച രണ്ട് വിജയങ്ങള്‍ നേടാനായതിന്‍റെ സന്തോഷത്തിലാണ് ഷാരൂഖ് ഖാന്‍. 1000 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്ത രണ്ട് ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്‍റേതായി പുറത്തെത്തിയത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാനും ആറ്റ്ലി സംവിധാനം ചെയ്ത ജവാനുമായിരുന്നു ആ ചിത്രങ്ങള്‍. കൊവിഡ് കാലത്ത് നേരിട്ട തകര്‍ച്ചയ്ക്ക് ശേഷം ബോളിവുഡിനെ തിരിച്ചുകൊണ്ടുവന്ന ചിത്രങ്ങളായി ഈ ചിത്രങ്ങള്‍ വിലയിരുത്തപ്പെട്ടു. തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് കരിയറില്‍ സ്വീകരിച്ച ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ അഭിനയിച്ച ചിത്രങ്ങളെന്ന നിലയില്‍ അദ്ദേഹത്തിന്‍റെയും വമ്ബന്‍ തിരിച്ചുവരവായിരുന്നു അവ.