ഓർക്കാട്ടേരി: രാത്രിയില്‍ വീട്ടിലെത്താത്ത മകനെത്തേടി അതിരാവിലെതന്നെ ആ അമ്മയിറങ്ങി. പക്ഷേ, കണ്ടത് മകന്റെ ചേതനയറ്റ ശരീരം. അതിന്റെ നടുക്കത്തില്‍നിന്ന് ഇതുവരെ മുക്തയായിട്ടില്ല നെല്ലാച്ചേരിയിലെ തോട്ടോളിമീത്തല്‍ ഷീബ. ഷീബയുടെ മകൻ അക്ഷയ് ആണ് നെല്ലാച്ചേരിയിലെ കുനിക്കുളങ്ങര പറമ്ബില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ രണ്ടുപേരില്‍ ഒരാള്‍. രാത്രി മുഴുവൻ മകനെ കാത്തിരുന്ന് വരാതായതോടെയാണ് ഷീബ രാവിലെതന്നെ മകനെത്തേടിയിറങ്ങിയത്. അറിയാവുന്ന ചിലരോട് അക്ഷയ് വീട്ടിലെത്തിയില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു. വീടിനുസമീപത്തെ കുനിക്കുളങ്ങര പറമ്ബില്‍ വെറുതേ നോക്കാൻ പോയതാണ്. അപ്പോഴാണ് അക്ഷയും രണ്‍ദീപും മരിച്ചുകിടക്കുന്നതു കണ്ടത്.
സമീപത്തുതന്നെ ശ്രീരാഗിനെ അവശനിലയില്‍ കാണുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിയുന്നത്. ഷീബയുടെ ഭർത്താവ് ബാബുവും മൂത്തമകൻ അർജുനും ഖത്തറിലാണ്. അതുകൊണ്ടുതന്നെ അക്ഷയ് ആണ് തുണ. മകൻ മരിച്ചുകിടക്കുന്നത് നേരിട്ടുകണ്ട ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയുന്നില്ല നാട്ടുകാർക്കും ബന്ധുക്കള്‍ക്കും. ഭർത്താവും മൂത്തമകനും ഖത്തറില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.