വയനാട്: സമസ്തയെ ഒന്നും പഠിപ്പിക്കാൻ ആരും വരേണ്ടെന്ന് സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയ്ക്ക് സ്വന്തം നയമുണ്ട്. അത് പാരമ്ബര്യമായി പിന്തുടരുന്നുണ്ടെന്നും അത് മാറ്റാന്‍ ആരും ശ്രമിക്കേണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വയനാട് ജില്ലാ സദർ മുഅല്ലിം സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് -സമസ്ത തർക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമർശം.
തെരഞ്ഞെടുപ്പ് കാലത്തെ ചേരി തിരിഞ്ഞുളള പ്രവര്‍ത്തനം മുസ്ലീം ലീഗ് -സമസ്ത ബന്ധത്തില്‍ കാര്യമായ ഉലച്ചിലുണ്ടാക്കിയിരുന്നു. ലീഗ് പ്രവര്‍ത്തകന്‍ സമസ്ത മുഖപത്രമായ സുപ്രഭാതം കത്തിച്ചതിന് പിന്നാലെ സുപ്രഭാതത്തിന്‍റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ലീഗ് നേതാക്കള്‍ ഒന്നടങ്കം വിട്ടു നിന്നു. അപ്പോഴും തര്‍ക്കങ്ങള്‍ കൂടുതല്‍ വഷളാക്കേണ്ടെന്ന വികാരത്തിലാണ് ഇരു വിഭാഗത്തിലെയും നേതാക്കള്‍. അടുത്തയാഴ്ച പുറത്തുവരാനിരിക്കുന്ന ലോക്സഭാ തരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും അനുരഞ്ജനത്തിന്‍റെ ഭാവി.