വാഷിങ്ടൺ : രാജ്യത്തെയും പാർട്ടിയേയും ഒന്നിപ്പിക്കാനാണ് സ്ഥാനാർഥിത്വത്തില്‍ നിന്ന് പിന്മാറിയതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പുതിയ തലമുറക്ക് ദീപം കൈമാറാനുള്ള സമയമായെന്നും യുഎസ് ഓവല്‍ ഓഫിസില്‍ നടത്തിയ ടെലിവിഷൻ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൻ്റെ പ്രതിരോധം അപകടത്തിലാകുന്നത് ഏത് പദവിയേക്കാളും പ്രധാനമാണ്. ഒരു പുതിയ തലമുറക്ക് ദീപം കൈമാറുക എന്നതാണ് ഏറ്റവും നല്ല വഴിയായി ഞാൻ തീരുമാനിച്ചത്. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗവും- ബൈഡൻ പറഞ്ഞു. ഉറച്ച നിലപാടുള്ള, കഴിവുള്ളയാളാണ് തനിക്കുപകരം സ്ഥാനാർഥിയാകാൻ തെരഞ്ഞെടുത്ത വൈസ് പ്രസിഡന്റ് കമല ഹാരിസെന്നും ബൈഡൻ വ്യക്തമാക്കി.
ഡെമോക്രാറ്റിക് പാർട്ടിയില്‍ ഭിന്നതയില്ലെന്നും സ്വേച്ഛാധിപതികള്‍ ഭരിച്ച സമയത്തേക്കാള്‍ ശക്തമായ അവസ്ഥയിലാണ് അമേരിക്കയെന്നും ബൈഡൻ വ്യക്തമാക്കി. ജൂലൈ 21നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറുന്നെന്ന് അപ്രതീക്ഷിതമായി ബൈഡൻ പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ സംവാദത്തില്‍ പിന്നാക്കംപോയതിനെ തുടർന്നാണ് ബൈഡൻ പിന്മാറണമെന്ന് പാർട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയർന്നത്. ഓവല്‍ ഓഫിസില്‍ ബൈഡന്റെ പ്രസംഗം കേള്‍ക്കാൻ കുടുംബവും എത്തിയിരുന്നു. ഭാര്യ ജില്, മകള്‍ ആഷ്ലി. മകൻ ഹണ്ടർ, പേരക്കുട്ടികള്‍ എന്നിവർ ബൈഡനൊപ്പമുണ്ടായിരുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ ഞാൻ പ്രസിഡൻ്റ് എന്ന നിലയില്‍ എൻ്റെ ജോലി ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബൈഡൻ പറഞ്ഞു.